കോട്ടയം: പഴം, പച്ചക്കറി വിൽപനയുടെ മറവിൽ ബ്രൗൺ ഷുഗർ വിറ്റുവന്ന അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സോണിപൂർ പഞ്ച്മൈൽ ബസാർ സ്വദേശിയായ റാജിക് ഉൾ ആലത്തിനെയാണ് (33) നീലിമംഗലത്തുനിന്ന് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലാണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും ട്രെയിൻ മാർഗമാണ് ഇയാൾ ബ്രൗൺ ഷുഗർ എത്തിക്കുന്നത്. ഏറ്റുമാനൂരിൽ പഴം, പച്ചക്കറി വിൽപന നടത്തിവന്നിരുന്ന റാജിക് നേരത്തേ കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുണ്ട്. എക്സൈസ് സംഘത്തെ കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഒരാഴ്ചയായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, എക്സൈസ് കമീഷണർ സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് എന്നിവർ നേതൃത്വം നൽകി. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ രഞ്ജിത് കെ. നന്ദ്യാട്ട്, കോട്ടയം എക്സൈസ് സ്ക്വാഡിലെ പ്രിവന്റിവ് ഓഫിസർമാരായ കെ.എൻ. വിനോദ്, അനു വി. ഗോപിനാഥ്, ജി. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. നിമേഷ്, കെ.വി. പ്രശോഭ്, ശ്യാം ശശിധരൻ, വനിത സിവിൽ എക്സൈസ് ഓഫിസർ വി. വിജയരശ്മി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.