കോട്ടയം: സ്വാദിനൊപ്പം നന്മയും സ്നേഹവും വിളമ്പി മനസും വയറും നിറക്കുന്നൊരിടം. പണമില്ലാത്തതിന്റെ പേരിൽ ആരും ഭക്ഷണം കഴിക്കാതെ പോകരുത് എന്ന് പറഞ്ഞുകൊണ്ട് അതിഥികളെ സ്വാഗതം ചെയ്യുന്ന ഒരു ഹോട്ടൽ. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുൻവശത്തുള്ള ‘ബൂസ്റ്റർ ചായ’ എന്ന കടയാണ് നഗരത്തിൽ വേറിട്ടതാകുന്നത്.
കോട്ടയം നഗരത്തിൽ അർദ്ധരാത്രിയാവുന്നതോടെ ഭക്ഷണം കഴിക്കാൻ മറ്റ് വഴികളില്ല. അന്യജില്ലകളിൽ നിന്നും കോട്ടയത്തെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഏത് സമയവും ഇവിടെ ഭക്ഷണത്തിനായെത്താം.
കൂടാതെ ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്നവർക്കും ഭക്ഷണം സൗജന്യമായി നൽകുന്നു. സ്ഥിരം കസ്റ്റമേഴ്സ് അധികം നൽകുന്ന തുകയാണ് പണമില്ലാത്തവർക്കായി നീക്കിവെക്കുന്നത്. ഷോപ്പ് ആരംഭിച്ചപ്പോൾ 12 മണിക്കൂറായിരുന്നു പ്രവർത്തനസമയം. ഇപ്പോൾ 24 മണിക്കൂറായി.
2020ൽ കോന്നിയിൽ ആരംഭിച്ച ‘ബൂസ്റ്റർ ചായ’ക്ക് നെടുമ്പാശ്ശേരിയിൽ ഉൾപ്പെടെ നാല്പതോളം ഔട്ട്ലെറ്റുകളുണ്ട്. 2022ലാണ് കോട്ടയത്തെ ഔട്ട്ലെറ്റ് ആരംഭിച്ചത്.
കോവിഡ് സമയത്ത് ഇവർ തുടക്കമിട്ട കാരുണ്യപ്രവർത്തനങ്ങൾ ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. ‘എനിക്കും നിനക്കും ഭക്ഷണം തരുന്നത് ദൈവമാണ്. പണമില്ലാത്തതിന്റെ പേരിൽ നീയോ നിന്റെ കുടുംബമോ പട്ടിണി കിടക്കാൻ പാടില്ല. ഭക്ഷണം കഴിക്കാൻ പണം ഇല്ലെങ്കിൽ കാഷ്യറെ അറിയിച്ച് ഭക്ഷണം കഴിച്ച് പോവുക’. എന്നാണ് ഹോട്ടലിൽ എഴുതി വെച്ചിരിക്കുന്നത്.
സഹോരങ്ങളും കോന്നി സ്വദേശികളുമായ മുബീനും മുബീതയുമാണ് അർഹിക്കുന്നവർക്ക് മുടക്കം കൂടാതെ ഭക്ഷണം നൽകുക എന്ന ആശയത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.