കോട്ടയം: വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. അയ്മമനം ചിറ്റക്കാട്ട് കോളനിയിൽ കല്ലുങ്കൽ ഒറാൻ എന്ന രാജീവ് ബൈജു (23), നാഗമ്പടം പനയക്കഴുപ്പ് കോളനി കൊല്ലംപറമ്പിൽ കൊച്ചപ്പു എന്ന ആദർശ് സന്തോഷ് (24), അയ്മനം മാങ്കീഴേപ്പടി വീട്ടിൽ വിനീത് സഞ്ജയൻ (37), അയ്മനം ഐക്കരമാലിൽ മിഥുൻ ലാൽ (21), കുറുപ്പന്തറ വള്ളി കാഞ്ഞിരം സുധീഷ് (28), പുതുപ്പള്ളി തച്ചുകുന്ന് ഭാഗത്ത് വെട്ടിമറ്റം വിശ്വജിത്ത് (24) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി അയ്മനം സ്വദേശിയായ 21കാരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്ത വിളിക്കുകയും മർദ്ദിക്കുകയും കമ്പി വടിയും വടിവാളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന് രണ്ടാഴ്ച മുമ്പ് രാജീവ് ബൈജു, ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ സുഹൃത്തുക്കളുമായെത്തി ആക്രമിച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇവരെ എറണാകുളത്തുനിന്നാണ് പിടികൂടിയത്.
വെസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട വിനീത് സഞ്ജയന് ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ്, കുമരകം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും രാജീവ് ബൈജുവിന് ഗാന്ധിനഗർ, വൈക്കം, ചങ്ങനാശ്ശേരി, പാലാ സ്റ്റേഷനുകളിലും ആദർശ് സന്തോഷിന് ഗാന്ധിനഗർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും വിശ്വജിത്തിന് ഈസ്റ്റ്, പാമ്പാടി, ചിങ്ങവനം സ്റ്റേഷനുകളിലും കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.ഐ വി. വിദ്യ, സി.പി.ഒമാരായ ശ്യാം എസ്. നായർ, നിതാന്ത് കൃഷ്ണൻ, രാജേഷ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആറുപേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.