കോട്ടയം: ആകാശപ്പാതയുടെ നിർമാണം സർക്കാർ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തുന്ന ഉപവാസസമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെയാണ് കോൺഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആകാശപ്പാതക്ക് സമീപം നടക്കുന്ന ഉപവാസസമരം. ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. എട്ടു വർഷമായി കോട്ടയം നിയോജക മണ്ഡലത്തോട് ഇടത് സർക്കാർ കാണിക്കുന്ന വികസന വിരോധത്തിന് എതിരെയും കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സി.പി.എം തടസ്സപ്പെടുത്തുന്നതിനെതിരെയുമാണ് ഉപവാസമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരായ സിബി ജോൺ, ജയചന്ദ്രൻ തുടങ്ങിയവർ അറിയിച്ചു.
ശനിയാഴ്ചതന്നെ ആകാശപ്പാതയിലെ കമ്പികളും തൂണുകളും ഉയർത്തുന്ന സുരക്ഷ ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന മാർച്ച് സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.