കോട്ടയം: മൂന്നുകോടി മുടക്കി നിർമിച്ച കോടിമതയിലെ അറവുശാലക്ക് പൂട്ടുവീണിട്ട് മൂന്നുവർഷം പിന്നിടുന്നു. ശുദ്ധമായതും ഗുണനിലവാരമുള്ളതുമായ ഇറച്ചി വിതരണം ചെയ്യുന്നതിനാണ് നഗരമധ്യത്തിൽ അത്യാധുനിക രീതിയിൽ അറവുശാല നിർമിച്ചത്. കോടിമത മത്സ്യമാർക്കറ്റ് റോഡിൽ എ.ബി.സി സെന്ററിന് സമീപമാണ് തുറക്കാത്ത ആധുനിക അറവുശാല.
ഇതിനോട് ചേർന്ന് മാംസവിപണന കേന്ദ്രവുമുണ്ട്. അത്യാധുനിക ഉപകരണങ്ങളും യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിരുന്നു. ഇവയും തുരുമ്പെടുത്ത് നശിക്കുന്നു. മലിനജലം നിർമാർജനം ചെയ്യാൻ മാർഗമില്ലാത്തതിനാൽ ഉദ്ഘാടനശേഷം അധികനാൾ കഴിയുംമുമ്പേ പൂട്ടുവീണു. നിലവിൽ കെട്ടിടത്തിന്റെ അവസ്ഥ തകർച്ചയിലാണ്. തറ ഉൾപ്പടെയുള്ള ഭാഗങ്ങൾ വിണ്ടുകീറിയും തറയോടുകൾ പൊളിഞ്ഞും കിടക്കുകയാണ്.
2020ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് അറവുശാല ഉദ്ഘാടനം ചെയ്തത്. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി ലഭിക്കാത്തതുമൂലമാണ് പൂട്ടുവീണത്. കോടിമത പച്ചക്കറിച്ചന്തക്ക് സമീപം 30 സെന്റ് സ്ഥലത്താണിത്. കന്നുകാലികളെ വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ അറക്കാൻ പാടുള്ളൂ.
പലയിടത്തും ഇറച്ചിക്കടകളിൽ വെച്ചുതന്നെയാണ് മാടുകളെ കശാപ്പ് ചെയ്യുന്നത്. അവശേഷിക്കുന്ന രക്തവും മാലിന്യവും ഓടകളിലേക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നതും പതിവാണ്. ഇത് സംബന്ധിച്ച പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പും തയാറാകില്ല.
അത്യാധുനിക യന്ത്രസംവിധാനങ്ങളാണ് ഇവിടെ സ്ഥാപിച്ചത്.
ബോധരഹിതമാക്കിയാണ് കശാപ്പ്, വെറ്ററിനറി ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധന, തുടർന്ന് ഗുണമേന്മ ഉറപ്പുവരുത്തിയ മാംസം അറവുശാലക്ക് സമീപത്തെ സ്റ്റാളുകളിൽ വിൽപന, മാംസാവശിഷ്ടങ്ങളും മറ്റും തറയിൽവീണ് മലിനമാകുന്ന അവസ്ഥ ഒഴിവാക്കാനുള്ള സംവിധാനം, മാലിന്യവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിന് ജലശുദ്ധീകരണ പ്ലാന്റ് തുടങ്ങിയവയായിരുന്നു ഒരുക്കിയിരുന്ന ക്രമീകരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.