കോട്ടയം: ഒരാളുടെ മരണത്തിന് ഇടയാക്കിയ തിരുനക്കരയിലെ രാജധാനി ഹോട്ടലിന്റെ എടുപ്പുകൾ പൊളിക്കാൻ നടപടി തുടങ്ങി. ഇതു സംബന്ധിച്ച് കലക്ടർക്കും പൊലീസിനും കത്ത് നൽകി. ചൊവ്വാഴ്ച കരാറുകാരൻ സ്ഥലം സന്ദർശിച്ച് പൊളിക്കാൻ തട്ട് അടിക്കും. കെട്ടിടത്തിലെ ഒമ്പത് എടുപ്പുകളാണ് ആദ്യം പൊളിക്കുക. രാത്രി ആയിരിക്കും പൊളിക്കൽ. തുടർന്ന് കെട്ടിടത്തിന്റെയും താഴെ പ്രവർത്തിക്കുന്ന ലോട്ടറിക്കടയുടെയും താക്കോൽ വാടകക്കാരിൽനിന്ന് നഗരസഭ തിരിച്ചെടുക്കും.
കെട്ടിടത്തിലെ മറ്റ് അനധികൃത നിർമാണങ്ങൾ പൊളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിങ്കളാഴ്ച ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൂട്ടാനും തിരിച്ചെടുക്കാനും കഴിഞ്ഞ കൗൺസിലിൽ തീരുമാനമായിരുന്നു. ഒന്നരലക്ഷം രൂപ എടുപ്പുകൾ പൊളിക്കാൻ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെട്ടിടത്തിലെ ജനാലയിൽ മോടിപിടിപ്പിക്കാൻ സ്ഥാപിച്ച എടുപ്പുകളിലൊന്ന് വീണ് ചങ്ങനാശ്ശേരി സ്വദേശി ജിനോ മരിച്ചത്.
കെട്ടിടത്തിനു താഴെയുള്ള ലോട്ടറിക്കടയിലെ ജീവനക്കാരനായിരുന്നു ജിനോ. കടയുടെ ഷട്ടർ വലിച്ചിട്ടശേഷം പുറത്തേക്ക് നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവശേഷം പ്രവേശനം വിലക്കി ഈ ഭാഗത്ത് നഗരസഭ കയർ കെട്ടിയിരുന്നെങ്കിലും അതെടുത്തുനീക്കിയാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഓണത്തിരക്ക് ആയതോടെ നിരവധി പേർ കടന്നുപോകുന്ന വഴിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.