കോട്ടയം: സത്യസന്ധതയും ഉത്തരവാദിത്വവുമുള്ളവരാണ് കോട്ടയത്തുകാരെന്ന് സ്ഥാനമൊഴിയുന്ന ജില്ല കലക്ടർ വി. വിഘ്നേശ്വരി. എന്ത് കാര്യം പറഞ്ഞാലും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നവർ. ആ ചിരി തുടരണമെന്നാണ് കോട്ടയത്തോട് വിട പറയുമ്പോൾ തനിക്ക് പറയാനുള്ളതെന്നും കോട്ടയം പ്രസ് ക്ലബിന്റെ ‘മുഖാമുഖം’ പരിപാടിയിൽ അവർ പറഞ്ഞു. കോട്ടയത്തെ രാഷ്ട്രീയക്കാർക്ക് 100 മാർക്ക് നൽകുന്ന അവർ, യാതൊരു രാഷ്ട്രീയ സമ്മർദവും നേരിടേണ്ടിവന്നിട്ടില്ലെന്നും പറഞ്ഞു. നിയമംവിട്ട് കോട്ടയത്തെ രാഷ്ട്രീയക്കാർ ഒന്നും ആവശ്യപ്പെടാറില്ല. പ്രഫഷനലാണ്. താൻ മാത്രമല്ല, മറ്റ് ജില്ലകളിലുള്ള സഹപ്രവർത്തകരും ഇതേ അഭിപ്രായമാണ് പങ്കിടുന്നതെന്നും വിഘ്നേശ്വരി പറഞ്ഞു.
ആകാശപ്പാതയുടെ കാര്യത്തിൽ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പൊളിക്കണമെന്നോ നിലനിർത്തണമെന്നോ താൻ പറയില്ല. സാങ്കേതിക റിപ്പോർട്ട് മാത്രമാണ് സമർപ്പിച്ചതെന്നും ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു
ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നുണ്ട്. ഇത് തടയാൻ കർമപദ്ധതി ആവിഷ്ക്കരിക്കാനുള്ള നടപടികൾ എക്സൈസുമായി ചേർന്ന് ജില്ല ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പരാതി മാത്രമാണ് ലഭിച്ചത്. പരാതി ലഭിക്കാത്തതിനാൽ അതിക്രമങ്ങൾ ഇല്ലെന്ന് കരുതാനാകില്ല. തെരുവ്നായ് ശല്യം തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ ഡോഗ് ഷെൽട്ടർ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
അവധി ആവശ്യപ്പെട്ട് കൂട്ടമായി സന്ദേശങ്ങൾ എത്തുമ്പോൾ, കലക്ടർ അവധി പ്രഖ്യാപിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നാണ് എനിക്ക് തോന്നിയത്. സ്കൂളിൽ പോകേണ്ടെന്ന് സ്വയം തീരുമാനിക്കാമല്ലോ. അവധി പ്രഖ്യാപിക്കുമ്പോൾ ബുദ്ധിമുട്ടിലാകുന്നവരുമുണ്ട്. കൂടുതലും മുതിർന്നവരാണ് അവധി കാത്തിരിക്കുന്നത്. കുട്ടികൾ പുറത്തിറങ്ങിയാൽ സുരക്ഷാഭീഷണിയുണ്ടാകുമെന്ന ഘട്ടത്തിൽ മാത്രമാണ് അവധി പ്രഖ്യാപിക്കുന്നത്. മഴക്കാലത്ത് ഇടുക്കിയുടെ ദൗത്യമേറ്റെടുക്കുമ്പോൾ ആശങ്കയില്ല, കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും.
കോട്ടയത്തുകാർ വിശാലമനസ്ക്കരുമാണ്. പഴയ നല്ല വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് സൗജന്യമായി ലഭ്യമാക്കാനായി ആരംഭിച്ച ‘ വോൾ ഓഫ് ലവ്’ 600 ഇടങ്ങളിൽ തുടങ്ങാൻ കഴിഞ്ഞത് കോട്ടയത്തിന്റെ നല്ല മനസ്സിന് ഉദാഹരണമാണ്.
കോട്ടയത്തെ പല വിനോദസഞ്ചാരകേന്ദ്രങ്ങളും വലിയ ജനക്കൂട്ടങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ഇത്തരം കേന്ദ്രങ്ങളെ പേഴ്സണലൈസ് ഡസ്റ്റിനേഷനാക്കി മാറ്റുകയാണ് വേണ്ടത്. കോട്ടയത്തിന് നന്ദി- വിഗ്നേശ്വരി പറഞ്ഞു. ഒരു വർഷവും ഒരു മാസവും ജില്ലയുടെ ചുമതല വഹിച്ച വിഘ്നേശ്വരി ശനിയാഴ്ച കലക്ടർ സ്ഥാനമൊഴിയും. തിങ്കളാഴ്ച ഇവർ ഇടുക്കി ജില്ല കലക്ടറായി ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.