കോട്ടയം: സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പിന്തുണ നൽകുന്നതിന് രൂപവത്കരിച്ച കേന്ദ്ര സാമൂഹികക്ഷേമ ബോർഡ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച കത്ത് സംസ്ഥാന സർക്കാറിന് ലഭിച്ചു.
1953ൽ പാർലമെൻറ് പാസാക്കിയ പ്രമേയത്തിെൻറ അടിസ്ഥാനത്തിലാണ് ബോർഡിന് രൂപംകൊടുത്തത്. ഇതിെൻറ ചുവടുപിടിച്ചാണ് സംസ്ഥാന സാമൂഹികക്ഷേമ ബോർഡുകൾ രൂപവത്കരിച്ചത്.
കേന്ദ്ര സാമൂഹികക്ഷേമ ബോർഡ് പിരിച്ചുവിടുന്നതോടെ സംസ്ഥാന സാമൂഹികക്ഷേമ ബോർഡുകൾക്കുള്ള സാമ്പത്തികസഹായം നിലച്ചേക്കും. ഇതോടെ സമ്പൂർണ കേന്ദ്രവിഹിതത്തോടെ പ്രവർത്തിക്കുന്ന ഫാമിലി കൗൺസലിങ് സെൻറർ, 60 ശതമാനം കേന്ദ്രവിഹിതത്തോടെ പ്രവർത്തിക്കുന്ന സ്വാധാർ ഗ്രഹ് തുടങ്ങിയ പദ്ധതികളൊക്കെ പ്രതിസന്ധിയിലാവും. പൂർണമായും സംസ്ഥാന സർക്കാർ വിഹിതത്തോടെ പ്രവർത്തിക്കുന്ന സർവിസ് പ്രൊവൈഡിങ് സെൻറർ, ഷെൽട്ടർ ഹോം എന്നിവയുടെ ഭാവിയും തുലാസ്സിലാവും.
വിവിധ പദ്ധതികൾക്ക് സംസ്ഥാന ബോർഡ് തയാറാക്കുന്ന ബജറ്റ് കേന്ദ്ര ബോർഡ് അംഗീകരിക്കുകയും ആ തുകയുടെ പകുതി കേന്ദ്രവിഹിതമായി നൽകുകയും ചെയ്യുകയാണ് പതിവ്. കേന്ദ്ര ഉദ്യോഗസ്ഥരുടെ നിയമനം കേന്ദ്രബോർഡാണ് നടത്തുക. സംസ്ഥാനത്തെ നിയമനം കേന്ദ്ര ബോർഡിെൻറയും സംസ്ഥാന സർക്കാറിെൻറയും അംഗീകാരത്തിന് വിധേയമായാണ് നടത്തുന്നത്. സംസ്ഥാന ബോർഡിലെ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ ആനുകൂല്യങ്ങളും കേന്ദ്രവും സംസ്ഥാനവും തുല്യമായി നൽകുന്ന സ്ഥിതിയാണ്. ഇതെല്ലാം അവതാളത്തിലാകും. ബദൽ സംവിധാനമൊന്നും ഇല്ലാതെയാണ് കേന്ദ്രം നിർത്തലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.