ചങ്ങനാശ്ശേരി: കുറിച്ചിയിലെ ചകിരി സംസ്കരണ ഫാക്ടറി പ്രവര്‍ത്തനരഹിതമായിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. താലൂക്ക് ചകിരി വ്യവസായ സഹകരണസംഘം 1993ല്‍ ആരംഭിച്ച ഫാക്ടറിക്കാണ് ഈ ദുര്‍ഗതി. പഞ്ചായത്തിലെ പതിനാറാം വാർഡിൽ 50 ലക്ഷം രൂപ മുടക്കിയാണ് ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പ്രവര്‍ത്തനം തുടങ്ങി ആറുമാസത്തിനകം സംരംഭം പൂട്ടേണ്ടിവന്നു. എം.വി. രാഘവന് സഹകരണമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, കയര്‍ ബോര്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ആനുകൂല്യം ലക്ഷ്യമിട്ടാണ് സ്ഥാപനം തുടങ്ങിയത്.
ചകിരി സംസ്കരണത്തിനായി കുറെ സ്ത്രീതൊഴിലാളികളും യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഓപറേറ്ററുമുണ്ടായിരുന്നു. കൃഷി ചെയ്തിരുന്ന രണ്ടേക്കര്‍ നിലം നികത്തിയാണ് ഫാക്ടറി സ്ഥാപിച്ചത്. വന്‍തുക ചെലവഴിച്ച് കെട്ടിടവും യന്ത്രസാമഗ്രികളും സ്ഥാപിക്കുകയും ചെയ്തു. ഉദ്ഘാടനം പോലും നടത്താതെയാണ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. ചില കുടുംബങ്ങളിലെ ആളുകള്‍ മാത്രം ചേര്‍ന്നാണ് സംഘം രൂപവത്കരിച്ചത്. കമ്പനി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ജോലിക്കാര്‍ക്ക് ബോണസ് ഇപ്പോഴും ലഭിക്കുന്നുണ്ട്.
വൈദ്യുതി ചാര്‍ജ് തുകയായ നാലു ലക്ഷത്തില്‍പരം രൂപയും ഇതിന്റെ പലിശയും അടക്കാത്തതിനാല്‍ കെട്ടിടമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ 2009 ആഗസ്റ്റ് 25ന് ജപ്തി ചെയ്തിരുന്നു.
പിന്നീട് തുകയും പലിശയും സര്‍ക്കാര്‍ ഇടപെട്ട് എഴുതിത്തള്ളുകയും 2010 ജൂലൈ 16ന് ജപ്തി നടപടികള്‍ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.
കെട്ടിടത്തിലെ യന്ത്രസാമഗ്രികള്‍ പലതും കാണാനുമില്ല. ഉള്ളതു തുരുമ്പെടുത്തു നശിക്കുകയും ചെയ്തു. കാറ്റടിച്ച് കെട്ടിടത്തിന്റെ കുറെ മേല്‍ക്കൂര ഷീറ്റുകള്‍ പറന്നുപോയി. ഫാക്ടറിക്കുള്ളില്‍ മരങ്ങള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. ഫാക്ടറി സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുസംരംഭം ആരംഭിച്ച് പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്കാന് നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.
വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് പുതിയ വ്യവസായ സംരംഭം തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തലത്തിലും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുമായി ബന്ധപ്പെട്ടും ശ്രമം നടത്തിവരുകയാണെന്ന് വാർഡ് മെംബർ അനീഷ് തോമസ് നെടുംപറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.