കോട്ടയം: തിരുനക്കരയിലെ പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് വ്യാപാരികളെ ഒഴിപ്പിച്ച് മോഷ്ടാക്കൾക്കും സാമൂഹികവിരുദ്ധർക്കുമായി തുറന്നിട്ട് നഗരസഭ അധികൃതർ.തിരുനക്കര പൂരത്തിന്റെ മറവിൽ കൽപക സൂപ്പർമാർക്കറ്റിന് മുകളിലെ ഓഡിറ്റോറിയത്തിൽനിന്ന് മോഷ്ടാക്കൾ കടത്തിയത് അറുപതിലേറെ ജനാലകളും വാതിലുകളും.ലക്ഷങ്ങൾ വിലവരുന്ന സ്റ്റീൽ, അലുമിനിയം കൊണ്ടുള്ള ജനാലകളും വാതിലുകളുമാണ് കെട്ടിടത്തിന്റെ ചുമരിൽനിന്ന് വേർപ്പെടുത്തി കടത്തിയത്.
ഓഡിറ്റോറിയത്തിൽ പേരിനുപോലും ഇനി ഒരു ജനാലയോ വാതിലോ ബാക്കിയില്ല. ഓഡിറ്റോറിയത്തിനകത്ത് പ്രാവ് കയറാതിരിക്കാൻ സ്ഥാപിച്ച ഇരുമ്പുകമ്പികൾ ഘടിപ്പിച്ച വല പോലും ബാക്കിവെച്ചില്ല. അഴിച്ചെടുത്ത് സ്റ്റാൻഡിൽ റോഡിനോടുചേർന്ന ഭാഗത്ത് കൂട്ടിവെച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
പൂരമായതിനാൽ ആരും കെട്ടിടത്തിന്റെ പരിസരത്തുണ്ടായിരുന്നില്ല. ഈ സമയത്ത് കടത്തിയെന്നാണ് കരുതുന്നത്. 2014ലാണ് നഗരസഭ 84 ലക്ഷം രൂപ ചെലവിട്ട് കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ട്രസ് വിരിച്ച് ഓഡിറ്റോറിയമാക്കിയത്. ഓഡിറ്റോറിയം വാടകക്കുകൊടുത്ത് വരുമാനമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ, ഒരു പരിപാടിപോലും ഇവിടെ നടന്നിട്ടില്ല. ഇപ്പോൾ കെട്ടിടം ബലക്ഷയത്തെ തുടർന്ന് പൂട്ടുകയും ചെയ്തു. എന്നാൽ, ഓഡിറ്റോറിയത്തിലേക്കുള്ള ഗ്രിൽ വാതിൽ പൂട്ടിയിട്ടില്ല. ആർക്കു വേണമെങ്കിലും കയറിയിറങ്ങാം. വൈദ്യുതി വിച്ഛേദിച്ചതിനാൽ രാത്രി ഇവിടെ എന്തു നടക്കുന്നുവെന്ന് ആർക്കും അറിയില്ല.
കെട്ടിടം പൂട്ടിയ ശേഷം സാധനങ്ങൾ മോഷണം പോവുന്നത് ആദ്യമായല്ല. എല്ലാ കടകളുടെയും പൂട്ടുകൾ തകർത്ത നിലയിലാണ്. കെട്ടിടത്തിലെ അവശേഷിച്ച സാധനങ്ങളും വയറിങ്ങുകളും കമ്പികളും സ്വിച്ച്ബോർഡുമെല്ലാം പല സമയങ്ങളിലായി കടത്തിയിട്ടും ഇന്നുവരെ അധികൃതർ നടപടിയെടുത്തിട്ടില്ല. അധികൃതരുടെ അറിവോടെയാണ് മോഷണം നടക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.