കോട്ടയം: മാസങ്ങളായി തുടരുന്ന ട്രഷറി നിയന്ത്രണത്തിൽ കടുത്ത പ്രതിസന്ധിയിലാണ് കരാറുകാർ. സർക്കാറിന്റെ വിവിധ നിർമാണം ഏറ്റെടുത്തവർ ബിൽ മാറി ലഭിക്കാതെ കടം പെരുകി ആത്മഹത്യയുടെ വക്കിലാണ്. എട്ട് മാസം മുമ്പേ പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ വരെ മാറിക്കിട്ടാനുണ്ട്.
ജനുവരി മുതൽ നിർമാണ പ്രവൃത്തികൾക്കുള്ള ബില്ലുകൾക്ക് ട്രഷറിയിൽ നിയന്ത്രണം നിലനിൽക്കുകയാണ്. അഞ്ചുലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾ മാറിയാൽ മതിയെന്ന നിർദേശം ഓണം കഴിഞ്ഞിട്ടും പിൻവലിച്ചില്ല. ഇതിനിടെയാണ് 10,000 രൂപയിൽ താഴെയുള്ള ബില്ലുകൾ മാത്രം മാറിയാൽ മതിയെന്ന് നിർദേശം എത്തിയത്. ഇതോടെ വിവിധ വകുപ്പുകളുടെ ക്ഷേമപദ്ധതികളുടെ ബില്ലുകളും കെട്ടിക്കിടക്കുകയാണ്.
ഭൂരിഭാഗം കരാറുകാരും കടം വാങ്ങിയാണ് നിർമാണപ്രവൃത്തികൾ പൂർത്തിയാക്കിയത്. പലിശ പെരുകിയതോടെ ബില്ല് മാറി ലഭിച്ചാലും കടം തീർക്കാൻ വീണ്ടും വായ്പയെടുക്കേണ്ട അവസ്ഥയാണ്. 25 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾക്ക് നേരത്തേ ബാങ്കുകൾ പണം നൽകുന്ന ബിൽ ഡിസ്കൗണ്ട് സംവിധാനം ഉണ്ടായിരുന്നു. പലിശ തുല്യമായി സർക്കാറും കരാറുകാരും നൽകുമെന്ന വ്യവസ്ഥയിലാണ് ബാങ്കുകൾ പണം നൽകിയിരുന്നത്. സർക്കാർ പലിശ മുടക്കിയതോടെ ബാങ്കുകൾ ബിൽ ഡിസ്കൗണ്ട് സംവിധാനത്തിനും നിയന്ത്രണം എർപ്പെടുത്തി. പൂർത്തിയാക്കിയ പദ്ധതികളുടെ പണം ലഭിക്കാത്തതിനാൽ പുതിയ കരാർ പ്രവൃത്തികൾ മുടങ്ങി. തദ്ദേശ സ്ഥാപനങ്ങളുടേതടക്കം വിവിധ ടെൻഡറുകളിൽനിന്ന് ഒരുവിഭാഗം കരാറുകാർ വിട്ടുനിൽക്കുകയാണ്. ബഡ്സ് സ്കൂൾ, പകൽവീട് എന്നിവിടങ്ങളിലെ അധ്യാപകർ, ആയമാർ, പാചകത്തൊഴിലാളികൾ എന്നിവർക്കും ശമ്പളം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.