വൈക്കം: എല്ലാ ജില്ലകളിലും സംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കിഫ്ബിയുടെ സഹായത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ വൈക്കം ആറാട്ടുകുളങ്ങരയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മൂന്നു ജില്ലകളിൽ സാംസ്കാരിക സമുച്ചയങ്ങൾ പൂർത്തിയാകുന്നു. മറ്റിടങ്ങളിൽ ഉടൻ നിർമാണം ആരംഭിക്കും. എല്ലാ കലകളുടെയും കലാകാരന്മാരുടെയും പ്രവർത്തന കേന്ദ്രമായി സമുച്ചയങ്ങൾ മാറും.
വൈക്കം നഗരസഭയുടെ 80 സെന്റ് ഭൂമിയിൽ നിർമിക്കുന്ന തിയറ്റർ അടുത്തവർഷം ഒക്ടോബറിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.
കേരളത്തിൽ 50 സ്ക്രീനുകളിലേക്ക് സർക്കാർ തിയറ്റർ സംവിധാനത്തെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ സിനിമ കാണുന്നതിനായി ഒരു സമാന്തര സംവിധാനം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിച്ചു. വൈക്കം നഗരസഭാധ്യക്ഷ കെ.എസ്. രേണുക രതീഷ്, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിന് തിയറ്റർ നിർമാണത്തിനുള്ള സ്ഥലത്തിന്റെ രേഖകൾ കൈമാറി. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ വിശിഷ്ടാഥിതിയായി. കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ എൻ. മായ റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ നഗരസഭാധ്യക്ഷ എസ്. ഇന്ദിരദേവി, പി. ശശിധരൻ, ചലച്ചിത്ര സംവിധായകരായ എബ്രിഡ് ഷൈൻ, തരുൺ മൂർത്തി, അഭിനേതാക്കളായ വൈക്കം ബിനു, ചെമ്പിൽ അശോകൻ, പ്രദീപ് മാളവിക, ഗായകൻ ദേവാനന്ദ്, തിയറ്റർ ഉടമ പി.എം. മാത്യു, വാദ്യകലാ കുലപതി രാമകുറുപ്പ്, നാദസ്വര വിദ്വാൻ വൈക്കം ഷാജി, തിമില ആചാര്യൻ ചന്ദ്രൻ മാരാർ, തിരക്കഥാകൃത്തും ഗാനരചയിതാവുമായ അഡ്വ. സുധാംശു, തിയറ്റർ മൈക്ക് അനൗൻസർ ജനാർദനൻ, ടിക്കറ്റ് കൗണ്ടർ പോസ്റ്റർ ഒട്ടിക്കൽ ജീവനക്കാരായ ചന്ദ്രശേഖരൻ നായർ, സി.കെ. തമ്പി, നാടക-ഗാന അവാർഡ് ജേതാവ് ബി. ഹരികൃഷ്ണൻ, ഫോട്ടോഗ്രാഫർ ഡി. മനോജ്, കിറ്റ്കൊ എം.ഡി. ഹരിനാരായണരാജ് എന്നിവരെ മന്ത്രി ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ സിന്ധു സജീവ്, ബി. ചന്ദ്രശേഖരൻ, പ്രീത രാജേഷ്, ഹരിദാസ് നായർ, ലേഖ ശ്രീകുമാർ, കെ.എസ്. എഫ്.ഡി.സി. ഡയറക്ടർ ബോർഡ് അംഗം പട്ടണം റഷീദ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. അരുണൻ, എം.ടി. ബാബുരാജ്, അക്കാരപ്പാടം ശശി, പോൾസൺ ജോസഫ്, പി.ആർ. സുഭാഷ്, ജിജോ കൊളുത്തുവായിൽ എന്നിവർ സംസാരിച്ചു. ശിലാസ്ഥാപനത്തോടനുബന്ധിച്ച് വൈക്കം വിജയലക്ഷ്മി, ദേവാനന്ദ് എന്നിവരുടെ സംഗീതവിരുന്നും അരങ്ങേറി.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ കിഫ്ബിയുടെ സഹായത്തോടെ 15.56 കോടി മുടക്കി രണ്ടു സ്ക്രീനുകളോടുകൂടിയ തിയറ്റർ സമുച്ചയമാണ് നിർമിക്കുന്നത്. 380 സീറ്റുകളാണ് ക്രമീകരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കിറ്റ്കോയാണ് പദ്ധതിക്കായി ഡി.പി.ആർ തയാറാക്കിയത്. ഒരു വർഷമാണ് നിർമാണ കാലാവധി. 20,315 ചതുരശ്രയടി വിസ്തൃതിയിൽ മൂന്നുനിലകളുള്ള തിയറ്റർ സമുച്ചയത്തിൽ 4കെ -3ഡി ലേസർ ഡിജിറ്റൽ പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ജെ.ബി.എൽ സ്പീക്കർ, സിൽവർ സ്ക്രീൻ, ഇൻവേർട്ടർ ടൈപ്പ് ശീതീകരണ സംവിധാനം, നിരീക്ഷണ കാമറകൾ, വൈദ്യുതി തടസ്സം നേരിടാൻ പര്യാപ്തമായ അത്യാധുനിക ജനറേറ്റർ, ഫയർ ഫൈറ്റിങ് സംവിധാനം, ആധുനിക രീതിയിലുള്ള 3ഡി സംവിധാനം, സൗകര്യപ്രദമായ സോഫാ പുഷ് ബാക്ക് ഇരിപ്പിടങ്ങൾ, എൽ.ഇ.ഡി ഡിസ്പ്ലേ, ആധുനിക ടോയ്ലറ്റ് സൗകര്യം, ലിഫ്റ്റ് സംവിധാനം, ഷോപ്പ്, കാന്റീൻ, വിശാലമായ പാർക്കിങ് സംവിധാനം എന്നിവ ലഭ്യമാക്കും. സൗണ്ട് റെക്കോഡിങ്, എഡിറ്റിങ്, കളർ കറക്ഷൻ സംവിധാനത്തോടുകൂടിയ സ്റ്റുഡിയോയും തിയറ്ററിനൊപ്പം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.