കോട്ടയം: കൈക്കൂലി വ്യാപകമാണെന്ന പരാതികളിൽ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ കണക്കിൽപെടാത്ത പണമടക്കം നിരവധി ക്രമക്കേടുകൾ. കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരിൽനിന്ന് കണക്കിൽപെടാത്ത 17,040 രൂപ പിടിച്ചെടുത്തു. വൈക്കം സബ് രജിസ്ട്രാർ ഓഫിസിലെ ഫയലുകൾ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഒരു ഫയലിൽ ഫീസായി സര്‍ക്കാറിലേക്ക് അടക്കേണ്ട 6296 രൂപക്ക് പകരം 610 രൂപ മാത്രമാണ് ഈടാക്കിയതെന്നും വിജിലൻസ് കണ്ടെത്തി.
ഉദ്യോഗസ്ഥർ ഓരോ ദിവസവും ജോലിയിൽ പ്രവേശിക്കുമ്പോൾ കൈവശമുള്ള തുക എഴുതേണ്ട പേഴ്സനൽ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ യഥാർഥത്തിൽ കൈവശമുള്ള തുകയും അന്നേദിവസം കൈക്കൂലി ലഭിക്കാൻ സാധ്യതയുള്ള തുകയും കൂട്ടിച്ചേർത്ത് എഴുതുന്നതായും വിജിലന്‍സ് കണ്ടെത്തി. പുതുപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഒരു ഓഫിസ് അറ്റൻഡര്‍ സ്ഥിരമായി 7000 രൂപ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പൊതുജനങ്ങളിൽനിന്ന് ആധാരം എഴുത്തുകാർ മുഖേന ഓഫിസ് സമയം അവസാനിക്കാറാകുമ്പോൾ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെയുള്ള 54 സബ് രജിസ്ട്രാര്‍ ഓഫിസുകളിലായിരുന്നു വിജിലൻസ് 'ഓപറേഷന് പഞ്ചികിരണ്‍2' പേരിൽ മിന്നൽ പരിശോധന നടത്തിയത്. ജില്ലയിലെ അഞ്ച് ഓഫിസുകളിലായിരുന്നു റെയ്ഡ്. വിവിധ ആധാരമെഴുത്തുകാരുടെ അക്കൗണ്ടിൽനിന്ന് ഗൂഗിൾ പേയായി ഉദ്യോഗസ്ഥർക്ക് പണം ലഭിച്ചതായും വിജിലൻസ് അറിയിച്ചു
പരിശോധനയിൽ ആധാരം രജിസ്റ്റർ ചെയ്ത് ഏഴുദിവസത്തിനുള്ളിൽ കക്ഷികൾക്ക് നേരിട്ട് നൽകുന്നതിന് പകരം ഒട്ടുമിക്ക സബ് രജിസ്ട്രാര്ഓഫിസുകളിലും കക്ഷികളുടെ സമ്മതപത്രം പോലുമില്ലാതെ, ഏജന്റുമാര്‍തന്നെ രജിസ്റ്റർ ചെയ്ത ആധാരങ്ങളും വിവിധ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിക്കൊണ്ട് പോകുന്നതായും വിജിലൻസ് പറഞ്ഞു.
ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി ആധാരമെഴുത്ത് ഓഫിസുകളിലെ ഒരേ സ്റ്റാഫുകൾസ്ഥിരം സാക്ഷികളാകുന്നതായും വിജിലൻസ് കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങൾ തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിലേക്ക് നൽകുമെന്ന് വിജിലൻസ് ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.