പെരുവ: ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകാൻ ഇനി കുട്ടികളും. കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയിലൂടെ ജില്ലയിലെ 12 സ്കൂളുകളിലെ വിദ്യാർഥികളാണ് കാലാവസ്ഥ നിരീക്ഷകരാകുന്നത്. ജ്യോഗ്രഫി പഠനവിഷയമായുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുങ്ങുകയാണ് പദ്ധതിയിലൂടെ. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷ കേരളം പദ്ധതി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്കൂളിൽ പദ്ധതി നടപ്പാക്കാൻ 90,000 രൂപയാണ് ചെലവ്.
മഴയുടെ തോത് അളക്കാനുള്ള മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കാനുള്ള കപ് കൗണ്ടർ അനിമോമീറ്റർ, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാനുള്ള വെറ്റ് ആൻഡ് ഡ്രൈ തെർമോമീറ്റർ, രണ്ടു സമയങ്ങൾക്കിടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ സിക്സ് മാക്സിമം, മിനിമം തെർമോമീറ്റർ, സ്റ്റീവൻസൺ സ്ക്രീൻ എന്നിവ ഉൾപ്പെടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്കൂളുകളിൽ സജ്ജീകരിക്കുന്നത്. പ്രളയ സാഹചര്യങ്ങളിൽ കൂട്ടിക്കൽ അടക്കമുള്ള പ്രദേശങ്ങളിലെ മഴയുടെ അളവ് രേഖപ്പെടുത്താൻ മഴമാപിനി ഇല്ലാത്ത സാഹചര്യമുണ്ടായിരുന്നു. സ്കൂളുകളിൽ വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ജില്ല പ്രോജക്ട് കോഓഡിനേറ്റർ മാണി ജോസഫ് പറഞ്ഞു. പെരുവ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച വെതർ സ്റ്റേഷനിൽ വിദ്യാർഥികൾ ഓരോ ദിവസത്തെയും കാലാവസ്ഥ ഡേറ്റ ബുക്കിൽ രേഖപ്പെടുത്താനും എസ്.എസ്.കെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്കൂളുകളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കൊച്ചി സർവകലാശാല പഠനങ്ങൾക്ക് ഉപയോഗിക്കും.
സമീപ സ്കൂളുകളിലെ വിദ്യാർഥികൾക്കും പഠനത്തിനും നിരീക്ഷണത്തിനും അവസരം നൽകും. വൈക്കം ഗേൾസ്, ബോയ്സ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾ, തൃക്കൊടിത്താനം, വടക്കേക്കര, താഴത്തുവടകര, പനമറ്റം, മുരിക്കുവയൽ, പാലാ, ഈരാറ്റുപേട്ട, കുമരകം, കടപ്പൂർ, സർക്കാർ ഹയർ സെക്കൻഡറി എന്നിവയാണ് പദ്ധതി നടപ്പാക്കുന്ന മറ്റു സ്കൂളുകൾ. ജില്ല പ്രോഗ്രാം ഓഫിസർമാരായ ബിനു എബ്രഹാം, കെ.ജെ. പ്രസാദ്, ധന്യ പി. വാസു എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.