കോട്ടയം: ഡീസലടിച്ചതിന് പെട്രോൾ പമ്പിൽ നൽകാനുള്ളത് ലക്ഷങ്ങൾ. പണമടക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമ. അത്യാവശ്യ കാര്യങ്ങൾക്കുപോലും ഓടാനാവാതെ പൊലീസ് വാഹനങ്ങൾ ഷെഡിൽ. നഗരത്തിലെ കൺട്രോൾ റൂം അടക്കം പൊലീസ് വാഹനങ്ങളും എ.ആർ ക്യാമ്പിലെ വാഹനങ്ങളുമാണ് ഓട്ടംനിലച്ച് പ്രതിസന്ധിയിലായത്.
ശാസ്ത്രി റോഡിലെ പെട്രോൾ പമ്പിൽനിന്നാണ് നഗരത്തിലെ പൊലീസ് വാഹനങ്ങൾ ഇന്ധനം നിറക്കുന്നത്. സ്റ്റേഷനുകളിലെ വാഹനങ്ങൾക്കു പുറമെ എ.ആർ കാമ്പിലെ 75ഓളം വാഹനങ്ങളും ഇവിടെനിന്നാണ് ഡീസലടിക്കുന്നത്. നാലുമാസത്തെ തുക കുടിശ്ശിക നൽകാനുണ്ട്. 50 ലക്ഷത്തിനടുത്താണ് പമ്പിനു കിട്ടാനുള്ളത്. പണംകിട്ടാതെ ഇന്ധനം നൽകാനാവാത്ത സ്ഥിതിയാണെന്നാണ് പമ്പ് ഉടമ പറയുന്നത്.
രണ്ടു ദിവസമായി ഇന്ധനം നിറക്കാനെത്തുന്ന വാഹനങ്ങളെ മടക്കിയയക്കുകയാണ്. നേരത്തേയും ഇത്തരത്തിൽ കുടിശ്ശിക വരാറുണ്ടെങ്കിലും ഇത്ര വലിയ തുക ആകുന്നത് ആദ്യമായാണ്. ഇന്ധനം കിട്ടാതായതോടെ സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറായി.
അത്യാവശ്യത്തിന് സ്വന്തം കൈയിൽനിന്നെടുത്തും മറ്റു പമ്പുകളിൽ കടംപറഞ്ഞും ഇന്ധനം നിറക്കേണ്ട അവസ്ഥയാണ്. കുടിശ്ശിക തീർത്തില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാവും. പട്രോളിങ്ങിനും കേസിന്റെ കാര്യങ്ങൾക്കും പോകാനാവാതെവരും. കൺട്രോൾ റൂം വാഹനങ്ങളാണ് ഏറെ പ്രതിസന്ധിയിലായത്. ആരെങ്കിലും സഹായത്തിനു വിളിച്ചാലോ അപകടം സംഭവിച്ചാലോ ഓടിയെത്താൻ കഴിയില്ല. രണ്ടുദിവസമായി ഇന്ധനം തീർന്നിരിക്കുകയാണ്.
ഗത്യന്തരമില്ലാതെ കൈയിൽനിന്നെടുത്ത് ഡീസലടിച്ചിട്ടിരിക്കുകയാണ്. ജില്ലയിൽ ഏഴുവാഹനങ്ങളാണ് കൺട്രോൾ റൂമിനുള്ളത്. ഇതിൽ നാലെണ്ണവും നഗര പരിധിയിൽ ഓടുന്നവയാണ്. രണ്ടെണ്ണം കോട്ടയം നഗരത്തിലും ഒന്നുവീതം കഞ്ഞിക്കുഴിയിലും പുതുപ്പള്ളിയിലും. ഇതു നാലും ഷെഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.