ഏറ്റുമാനൂര്‍: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതിയെ നിയമം ലംഘിച്ചതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി മാവേലിനഗര്‍ വലിയതടത്തിൽ വീട്ടിൽ മെല്ബിന് ജോസഫിനെയാണ് (26) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, അടിപിടി, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ, ഇയാൾ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ പ്രസാദ്, അബ്രഹാം വര്‍ഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഒമാരായ പ്രവീൺ പി. നായർ, രതീഷ്, സ്മിതേഷ്, രഞ്ജിത്, നിതാന്ത്, ബോബി സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
മുണ്ടക്കയം: സിനിമ തിയറ്ററിലെ ജീവനക്കാരിയായ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. എരുമേലി ആനക്കല്ല് അറക്കൽ വീട്ടിൽ എ.എ. അനീസ് (34), എരുമേലി ചരള ഭാഗത്ത് വലിയപറമ്പിൽ വി.ജെ. ഷെഫീഖ് (36), പ്രൊപ്പോസ് ഭാഗത്ത് ആനക്കല്ല് വീട്ടിൽ എ.ഷാനവാസ് (41) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയത്തെ തിയറ്ററിൽ സിനിമ കാണാനെത്തിയവർ ഉച്ചത്തിൽ ചീത്തവിളിക്കുകയും കാഴ്ചക്കാർക്ക് ശല്യം ഉണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്തതാണ് ജീവനക്കാരിക്കുനേരെ തിരിയാൻ കാരണമെന്ന് പരാതിയിൽ പറയുന്നു. തിയറ്ററിൽ ജോലിയിൽ ഉണ്ടായിരുന്ന രണ്ട് ജോലിക്കാരെയും ഇവർ ആക്രമിച്ചെന്നും പരാതിയുണ്ട്.
മുണ്ടക്കയം എസ്.എച്ച്.ഒ ഷൈൻകുമാർ, എസ്.ഐ വിക്രമൻ നായർ, എ.എസ്.ഐ മനോജ് കെ.ജി, ജോഷി പി.കെ, സി.പി.ഒമാരായ രഞ്ജിത് ടി.എസ്, ശരത്ചന്ദ്രൻ, ജയലാൽ പി.എം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.