കാലാവസ്ഥ പ്രതികൂലം; ജങ്കാർ സർവിസ് നിർത്തി

ബേപ്പൂർ: കാലാവസ്ഥ പ്രതികൂലമായതിനാൽ ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് താൽക്കാലികമായി നിർത്തിവെച്ചു. അതിതീവ്രമഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് സർവിസ് നിർത്തിയത്. ന്യൂനമർദം കാരണം  അഴിമുഖം  പ്രക്ഷുബ്ദമാവുകയും പുഴയിലെ അടിയൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് ജങ്കാർ നിർത്തുന്നത്. അഴിമുഖത്തെ ഓളവും തിരയടിയും ശക്തമായതിനാൽ ജങ്കാറിനെ  നിയന്ത്രിക്കൽ ദുഷ്കരമാകുമെന്നും കാലാവസ്ഥ അനുകൂലമായാൽ എത്രയുംപെട്ടെന്നുതന്നെ ജങ്കാർ സർവിസ് പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സർവിസ് നിർത്തിയതോടെ ചാലിയത്തേക്കും ബേപ്പൂരിലേക്കുമുള്ള ജങ്കാർ യാത്രക്കാർ ഫറോക്ക് വഴി പത്ത് കിലോമീറ്ററിലധികം അധികയാത്ര ചെയ്യേണ്ടിവരും. മാത്തോട്ടം, അരക്കിണർ നടുവട്ടം, മാറാട്, ബേപ്പൂർ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലുള്ളവർക്ക് കരുവൻതിരുത്തി, ചാലിയം, ചെട്ടിപ്പടി, താനൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള മാർഗമാണ് ജങ്കാർ സർവിസ്. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയായിരുന്നു സർവിസ് നടത്തിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.