കോഴിക്കോട്: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കടപ്പുറത്ത് സാമൂഹികവിരുദ്ധശല്യം രൂക്ഷമാകുന്നു. ഇത് ഒഴിവുസമയം ആഘോഷിക്കാനെത്തുന്നവരെ ഏറെ ദുരിതത്തിലാക്കുന്നു. ബീച്ച് കേന്ദ്രീകരിച്ച് മയക്കുമരുന്ന്, ആക്രമി സംഘത്തിന്റെ വിളയാട്ടം രൂക്ഷമാകുന്നതായി കോർപറേഷൻ കൗൺസിലിൽ അടക്കം നിരവധി തവണ ചർച്ചയായിട്ടും ഇത് തടയാൻ ഫലപ്രദമായ നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ശനിയാഴ്ച രാത്രിയും ബീച്ചിൽ യുവാക്കൾ തമ്മിൽ വാക് തർക്കവും കത്തിക്കുത്തും ഉണ്ടായി. കുത്തേറ്റ യുവാവ് ബീച്ച് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പൊലീസ് എത്തിയതോടെ ആക്രമിസംഘം ഓടിമറഞ്ഞു. ഇവർ പിന്നീട് കുറ്റിച്ചിറയിലേക്ക് നീങ്ങി. അവിടെയും തർക്കവും ബഹളവുമുണ്ടായി. നാട്ടുകാർ ഇടപെട്ടതോടെ പിരിഞ്ഞുപോവുകയായിരുന്നുവെന്ന് കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻ കോയ അറിയിച്ചു. പുതിയാപ്പ പിഷാരംകണ്ടി തായത്ത് മനുവിനാണ് (31)പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ മനുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
അതേസമയം, സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ടൗൺ പൊലീസ് അറിയിച്ചു. ഗുരുതരമല്ലെന്ന രീതിയിലാണ് പൊലീസ് വിഷയം കൈകാര്യം ചെയ്തത്.
ബീച്ചിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ലഹരി വിൽപനയും തടയാൻ പൊലീസ് ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻ കോയ ശനിയാഴ്ച കൗൺസിലിൽ ശ്രദ്ധ ക്ഷണിച്ചിരുന്നു. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണറുമായി അടിയന്തര ചർച്ച നടത്തുമെന്നും പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മേയർ ഡോ. ബീന ഫിലിപ് അറിയിച്ചിരുന്നു.
ബീച്ചിൽ ലയൺസ് പാർക്കിന് സമീപം വ്യാപാരികളെ ഒഴിപ്പിച്ച് കാടുമൂടിക്കിടക്കുന്ന കോർപറേഷൻ കെട്ടിടം, കസ്റ്റംസ് റോഡിലെ കണ്ടിൻജൻസി ജീവനക്കാരുടെ എട്ടുമുറി ലൈൻ വീട്, അടഞ്ഞുകിടക്കുന്ന മൊയ്തു മൗലവി മ്യൂസിയത്തിന് സമീപം, ബീച്ച് ആശുപത്രിയിലെ ഒ.എസ്.ജി ക്ലിനിക്, മറ്റ് ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളെല്ലാം മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രങ്ങളാണ്.
മാഫിയയുടെ വഴക്കും ബഹളവും പലപ്പോഴും സഞ്ചാരികൾക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബീച്ചിൽനിന്ന് അടികൂടുന്ന സംഘം കുറ്റിച്ചിറ, മുഖദാർ, ഇടിയങ്ങര തുടങ്ങിയ ഭാഗങ്ങളിലേക്കും സംഘർഷവുമായി എത്തുന്നത് പതിവാണ്. അയൽ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ വരെ മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലകപ്പെട്ട് ഇവിടങ്ങളിൽ എത്താറുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
ബീച്ചിൽ പലയിടങ്ങളിലും തെരുവുവിളക്കുകൾ ക ത്താത്തത് മയക്കുമരുന്ന് മാഫിയക്ക് വളംവെക്കുന്നുണ്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കാൻ വിവിധ ഏജൻസികൾ കരാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവ പ്രകാശിക്കുന്നില്ല.
ലയൺസ് പാർക്കിന് സമീപം, കസ്റ്റംസ് റോഡ്, മൊയ്തു മൗലവി മ്യൂസിയത്തിന് സമീപം തുടങ്ങി ബീച്ചിൽ പല ഭാഗങ്ങളിലും ലൈറ്റുകൾ കണ്ണടച്ചിരിക്കുകയാണ്.
പൊതു ജനങ്ങൾ കൂടുതലായി എത്തുന്ന ഭാഗങ്ങളിൽ മാത്രമാണ് കമ്പനികൾ ലൈറ്റ് സ്ഥാപിക്കുന്നതെന്ന് കൗൺസിലർ റംലത്ത് കൗൺസിലിൽ പറഞ്ഞു. അടിയന്തരമായി ലൈറ്റ് സ്ഥാപിക്കണമെന്ന് റംലത്ത് ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയക്ക് തടയിടാൻ പൊലീസ്, എക്സൈസ്, കോർപറേഷൻ എന്നിവയുടെ സംയുക്ത നീക്കം ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.