റോഡ് കൊട്ടിയടച്ച് കലുങ്ക് നിർമാണം; യാത്രക്കാർ വലയുന്നു

പന്തീരാങ്കാവ്: കുന്നത്തുപാലം - നല്ലളം റോഡ് പൂർണമായും കൊട്ടിയടച്ചുള്ള കലുങ്ക് നിർമാണത്തിൽ വലഞ്ഞ് യാത്രക്കാർ. നല്ലളം, ഫറോക്ക് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. ദേശീയപാതകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ഇവിടെ ഒരാഴ്ചയോളമായി പൂർണമായും വെട്ടിപ്പൊളിച്ചിട്ട്. സാധാരണ പ്രധാന റോഡുകൾ പകുതി ഭാഗം മാത്രം പൊളിച്ച് പ്രവൃത്തി നടത്തുകയാണ് പതിവ്. എന്നാൽ, യാത്രക്കാരുടെ സൗകര്യം പരിഗണിക്കാതെയാണ് അധികൃതർ റോഡ് പൂർണമായി വെട്ടിപ്പൊളിച്ചത്. രാമനാട്ടുകര - വെങ്ങളം ദേശീയപാത ബൈപാസിലെ ആറുവരിപ്പാത പ്രവൃത്തിയുടെ ഭാഗമായുള്ള ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ പലരും യാത്രചെയ്തിരുന്ന പാതയാണിത്. ഇവിടെ യാത്രക്കാരെ പരിഗണിക്കാതെ റോഡ് പ്രവൃത്തി തുടങ്ങിയതോടെ പോക്കറ്റ് റോഡുകൾ മുഴുവൻ ഗതാഗത കുരുക്കിലാണ്. കലുങ്ക് പ്രവൃത്തി ബസ് സർവിസിനെയും ബാധിച്ചിട്ടുണ്ട്. ഒളവണ്ണ, ഫറോക്ക്, നല്ലളം ഭാഗങ്ങളിലേക്കുള്ള സ്ത്രീകളടക്കമുള്ള തൊഴിലാളികളും വിദ്യാർഥികളും യാത്രക്ക് പ്രയാസപ്പെടുന്നു. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുൻ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.