പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി: മാറ്റത്തിന്റെ തുടർച്ചക്കായി ധ്യാനും ശിവയും

പേരാമ്പ്ര: സാംബവ വിദ്യാർഥികൾ പഠിക്കുന്നതുകൊണ്ട് ഇതരവിദ്യാർഥികൾ പ്രവേശനം നേടാത്ത പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ പ്രവേശനം നേടി ധ്യാൻ തേജും ശിവകാർത്തികും നാടിന് മാതൃകയാകുകയാണ്. പതിറ്റാണ്ടുകളായി ജാതിവിവേചനത്തിന്റെ പാപഭാരം പേറി കഴിയുകയായിരുന്നു ഈ വിദ്യാലയം. ഭൗതിക സൗകര്യങ്ങൾ വേണ്ടുവോളമുണ്ടായിട്ടും ചേർമല സാംബവ കോളനിയിലെ വിദ്യാർഥികൾ മാത്രമേ ഇവിടെ പഠനത്തിന് എത്തിയിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി സ്കൂൾമാറ്റത്തിന്റെ പാതയിലാണ്. 2019ൽ അധ്യാപകസംഘടനയായ കെ.എസ്.ടി.എം നേതൃത്വത്തിൽ കാവുംവട്ടത്തുനിന്നും കാവുന്തറയിൽ നിന്നും സംഘടനാ ഭാരവാഹികളുടെ മക്കൾ ഉൾപ്പെടെ ആറ് വിദ്യാർഥികളെ ചേർത്താണ് വിവേചനം അവസാനിപ്പിക്കാൻ തുടക്കം കുറിച്ചത്. 2020ൽ അഞ്ചു കുട്ടികളെ കൂടി ഇവർ ഇവിടെ പ്രവേശിപ്പിച്ചു. കൂടുതലും മൂന്ന്, നാല് ക്ലാസുകളിലായിരുന്നു കെ.എസ്.ടി.എം കുട്ടികളെ ചേർത്തിരുന്നത്. ഈ വർഷത്തോടെ അവർ നാലാം ക്ലാസ് പൂർത്തിയാക്കി സ്കൂളിൽനിന്ന് പുറത്തിറങ്ങിയ​​പ്പോൾ വീണ്ടും സാംബവ വിദ്യാർഥികൾ മാത്രമായി. എന്നാൽ മാറ്റത്തിന്റെ തുടർച്ചക്കായി കായണ്ണയിലെ ടി. ബിനു-അഭില ബി. നായർ, മുയിപ്പോത്തെ എം. ഗംഗാധരൻ-സിന്ധു ദമ്പതികൾ തങ്ങളുടെ മക്കളെ ഈ വിദ്യാലയത്തിൽ ചേർക്കാൻ മുന്നോട്ടുവന്നിരിക്കയാണ്. ഏറ്റവും നല്ല വിദ്യാലയത്തിൽ മക്കളെ ചേർക്കാൻ മത്സരിക്കുന്ന രക്ഷിതാക്കൾക്കിടയിൽ ഇവർ വ്യത്യസ്തരാകുകയാണ്. സാമൂഹികമാറ്റത്തിന് മക്കളെ വിട്ടുനൽകി വലിയ സന്ദേശമാണ് ഇവർ നാടിന് നൽകുന്നത്. ശിവകാർത്തികിന്റെ അമ്മ അഭിലയും ധ്യാൻ തേജിന്റെ അച്ഛൻ ഗംഗാധരനും പേരാമ്പ്ര എ.ഇ.ഒ ഓഫിസിലെ ജീവനക്കാരാണ്. ഇരുവരുടേയും വീട്ടിൽനിന്ന് 10 കിലോമീറ്ററിലധികം ദൂരം ഈ വിദ്യാലയത്തിലേക്കുണ്ട്. ഈ വിദ്യാലയത്തോടുള്ള വിവേചനം അവസാനിപ്പിക്കാൻ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചിരുന്നു. വരും വർഷങ്ങളിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ വിദ്യാർഥികൾ കൂടി പ്രവേശനം നേടുമെന്നാണ് സ്കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ മാതാ പിതാക്കൾക്ക് വിമൻ ജസ്റ്റിസ് മൂവ്മൻെറ് ഉപഹാരം നൽകി. ഈ സ്കൂളിനോടുള്ള ജാതീയമായ വിവേചനം 'മാധ്യമ'മാണ് പുറത്തുകൊണ്ടുവന്നത്. Photo: പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നു. കൂടെ അമ്മമാരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.