സ്ത്രീകൾക്കെതിരായ അക്രമം: പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണം - യു.ഡി.എഫ്

പേരാമ്പ്ര: നൊച്ചാട് മാവട്ടയിൽ താഴെ നടന്ന യു.ഡി.എഫ് പൊതുയോഗം കൈയേറുകയും വനിതകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു പരിക്കേൽപിക്കുകയും ചെയ്തവരെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന് യു.ഡി. എഫ് നൊച്ചാട് പഞ്ചായത്ത്‌ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര - എക്കാട്ടൂർ റോഡ് വികസനത്തിന് വിവേചനപരമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയും സി.പി.എമ്മി​ൻെറ സ്തൂപങ്ങളും ബസ് സ്​റ്റോപ്പും നീക്കാതെ റോഡ് വികസനം നടത്തുന്നതിനെതിരെയുമാണ് യു.ഡി. എഫ് വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചത്. കലിപൂണ്ട സി.പി.എം പ്രവർത്തകർ മർദിക്കുകയായിരുന്നെന്ന് യു.ഡി.എഫ് ആരോപിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ലിൻസി ബാബുവിനെ ഉൾപ്പെടെയാണ് എസ്.എഫ്.ഐ നേതാവി​‍ൻെറ നേതൃത്വത്തിൽ ആക്രമിക്കുകയും തെറി വിളിക്കുകയും ചെയ്തതെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിൻസി ഉൾപ്പെടെയുള്ളവർ രാത്രി പൊലീസ് സ്​റ്റേഷനിൽ എത്തിയെങ്കിലും സി.പി.എം നേതാക്കളുടെ സമ്മർദം മൂലം കേസെടുത്തില്ല. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പുലർ​െച്ച മൂന്നു​ വരെ സ്​റ്റേഷനിൽ കുത്തിയിരുന്ന ശേഷമാണ് പരാതി സ്വീകരിച്ചത്​. പിറ്റേ ദിവസം ജോലി കഴിഞ്ഞു തിരിച്ചു വരു​േമ്പാൾ ചാത്തോത്ത് താഴ അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ ലിൻസിയെ മൂന്നോളം സി.പി.എം പ്രവർത്തകർ ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അടുത്ത് ഉണ്ടായിരുന്ന പൊലീസിനോട്‌ വിവരം പറഞ്ഞെങ്കിലും കൈമലർത്തുകയായിരുന്നു. വീണ്ടും പരാതിയുമായി സ്​റ്റേഷനിൽ എത്തിയെങ്കിലും തലേ ദിവസത്തെ അനുഭവം തന്നെയാണുണ്ടായത്. ആക്രമം നടന്ന്​ നാലു ദിവസം കഴിഞ്ഞെങ്കിലും പരാതിയിൽ നടപടി എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമമെങ്കിൽ ശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്​ കെ. മധു കൃഷ്ണൻ,നൊച്ചാട് പഞ്ചായത്ത്‌ യു.ഡി എഫ് ചെയർമാൻ ടി.പി. നാസർ, പി.എം. പ്രകാശൻ, രാജൻ കണ്ടൊത്ത്, പി.സി. മുഹമ്മദ്‌ സിറാജ്, പനോട്ട് അബൂബക്കർ, സി.കെ. അജീഷ്, കെ.പി. ലിൻസി, റഫീഖ് കല്ലോത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.