പൊടിശല്യവുമായി സംസ്ഥാനപാത നവീകരണം; ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രവൃത്തി തടഞ്ഞു

ബാലുശ്ശേരി: പൊടിശല്യം കാരണം സംസ്ഥാന പാത നവീകരണ പ്രവൃത്തി നാട്ടുകാർക്കും കച്ചവടക്കാർക്കും ദുരിതമാകുന്നു. കൊയിലാണ്ടി - താമരശ്ശേരി റോഡ് പണി നടക്കുന്ന കോക്കല്ലൂർ, പനായി, ബാലുശ്ശേരി ഭാഗങ്ങളിലാണ് പൊടിശല്യം കാരണം കഷ്​ടപ്പെടുന്നത്. നിലവിലെ റോഡ് പല ഭാഗങ്ങളിലും കുത്തിപ്പൊളിച്ചിടുന്നതും ഓവുച്ചാൽ നിർമാണത്തിനായി കീറിയ മണ്ണ് നീക്കം ചെയ്യാതെ കിടക്കുന്നതുമാണ് പൊടിശല്യം രൂക്ഷമാകാൻ ഇടയായത്. പൊടിശല്യം കാരണം ബാലുശ്ശേരി പോസ്​റ്റ്​ ഓഫിസ് ജങ്​ഷൻ മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള ഭാഗത്തുകൂടി കാൽനടയാത്ര പോലും ദുസ്സഹമായിരിക്കയാണ്. നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശനിയാഴ്​ച റോഡ് പണി തടഞ്ഞു. തുടർന്ന് കരാറുകാരുമായി നടത്തിയ ചർച്ചയിൽ വരുംദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ തവണ റോഡ് നനക്കാം എന്ന ഉറപ്പിന്മേൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു, ഡി.വൈ.എഫ്.ഐ ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ബ്ലോക്ക്‌ പ്രസിഡൻറ്​ എസ്.എസ്. അതുൽ, മേഖല സെക്രട്ടറി പി. ധൻരാജ്, പ്രസിഡൻറ്​ പി. സനൂപ്, ബി.ജെ. ബിജിലേഷ്, ജിഗേഷ്, ബിൽജിത് എന്നിവർ നേതൃത്വം നൽകി. cap സംസ്ഥാനപാത നവീകരണപ്രവൃത്തി കാരണം ബാലുശ്ശേരിയിൽ പൊടിശല്യം രൂക്ഷമായ നിലയിൽ ഡി.വൈ എഫ്.ഐ പ്രവർത്തകർ പ്രവൃത്തി തടഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.