സ്വകാര്യ ബസില്‍ ആംബുലന്‍സിടിച്ച് രോഗി മരിച്ചു

കാഞ്ഞങ്ങാട്: സ്വകാര്യ ബസില്‍ ആംബുലൻസിടിച്ച് രോഗി മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. കാസര്‍കോട് സീതാംഗോളി പെർമുദെയിലെ സായിബാബയാണ്​ (54) മരിച്ചത്. പെർമുദെയിലെ പോസ്റ്റ്മാനാണ് സായിബാബ. ശനിയാഴ്ച രാവിലെ ഹോസ്ദുര്‍ഗ് ട്രാഫിക് സര്‍ക്കിളിലെ ഫെഡറല്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം. ഹൃദയാഘാതത്തെത്തുടര്‍ന്ന് കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സായിബാബയെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപെട്ടത്. സായിബാബയോടൊപ്പം ആംബുലന്‍സിലുണ്ടായിരുന്ന ബന്ധുക്കളായ കേശവ (26), തനുജ (22) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി.ബി റോഡ് ജങ്ഷനില്‍ കുറുകെ കയറിയ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് കാസര്‍കോട് - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ജെയ്ഷാല്‍ ബസില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂർണമായും തകര്‍ന്നു. ബസിനും കേടുപാടുകള്‍ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാരും ചുമട്ടുതൊഴിലാളികളും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ പരന്നൊഴുകിയ ഓയില്‍ അഗ്‌നിരക്ഷ സേനയെത്തി കഴുകി. പെർമുദെയിലെ പരേതരായ അടൂർ- കൊറപ്പാളു ദമ്പതികളുടെ മകനാണ് സായിബാബ. ഭാര്യ: ഉഷ. മക്കള്‍: കുസുമപ്രിയ, രവിശങ്കര്‍ (ഇരുവരും വിദ്യാർഥികള്‍). സഹോദരങ്ങള്‍: ശിവപ്പന്‍, രാമ, രാധാകൃഷ്ണന്‍, സുലോചന, ലളിത, ജാനകി, പരേതനായ ബാബു. sayi baba 54 khd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.