-സി.പി.എം ബ്രാഞ്ച് അംഗവും ആശ വർക്കറുമായ മഞ്ജുവിന്‍റെ വീടിനാണ് തീയിട്ടത് കാക്കനാട് (കൊച്ചി): തൃക്കാക്കരയിൽ സി.പി.എം പ്രവർത്തകയുടെ വീടിന് തീയിട്ടതായി പരാതി. തൃക്കാക്കര വെസ്റ്റ് ബ്രാഞ്ച് അംഗവും നഗരസഭയിലെ 12ാം വാർഡിലെ ആശ വർക്കറുമായ മഞ്ജുവിന്‍റെ വീടാണ് പുലർച്ച തീയിട്ട് നശിപ്പിച്ചത്. കുടുംബകലഹത്തെ തുടർന്ന് ബന്ധുതന്നെയാണ് വീടിന് തീയിട്ടത്. സംഭവത്തിൽ ചെമ്പറക്കി നെടുമല അമ്പലത്തിനുസമീപം താമസിക്കുന്ന മഞ്ജുവിന്‍റെ ബന്ധു രതീഷിനെ (40) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. അത്താണി കീരേലിമലയിലെ വീട്ടിൽ ഞായറാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. ഈ സമയം മഞ്ജുവും രണ്ട് മക്കളും ബന്ധുവീട്ടിലായിരുന്നു. രണ്ട് മുറികളുള്ള കോൺക്രീറ്റ് വീടും ഇതിനോട് ചേർന്ന മുയൽക്കൂടും പൂർണമായും കത്തിനശിച്ചു. കൂട്ടിലുണ്ടായിരുന്ന അഞ്ച് മുയലുകൾ വെന്തുചത്തു. തൃക്കാക്കര ഫയർസ്റ്റേഷനിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീയും പുകയും ശ്രദ്ധയിൽപെട്ട അയൽക്കാർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ വിവരമറിഞ്ഞത്. മഞ്ജുവിന്‍റെ പരാതിയിലാണ് രതീഷിനെ കസ്റ്റഡിയിലെടുത്തത്. ഇരുവരും തമ്മിൽ നേരത്തേ തർക്കങ്ങൾ ഉണ്ടായിരുന്നു. തന്നെയും കുടുംബത്തെയും വകവരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വീടിന് തീയിട്ടതെന്ന് മഞ്ജു പറഞ്ഞു. തീപിടിത്തത്തിൽ വിവിധ രേഖകൾ കത്തിനശിച്ചു. തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫും സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അടക്കമുള്ളവർ വീട് സന്ദർശിച്ചു. തീ പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് സ്ഥാനാർഥിയും നേതാക്കളും സന്ദർശനം നടത്തിയത്. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്നും വീട് പാർട്ടി പുനർനിർമിക്കുമെന്നും സി.എൻ. മോഹനൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോട്ടോ: തൃക്കാക്കരയിൽ സി.പി.എം പ്രവർത്തകയായ മഞ്ജുവിന്‍റെ വീടിന് തീവെച്ച നിലയിൽ ഫോട്ടോ : രതീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.