മുക്കം: നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ അനുവദിക്കാതെ നഗരസഭ അധികൃതർ മൂന്ന് മാസത്തോളമായി പ്രവാസിയെ വട്ടംചുറ്റിക്കുന്നതായി പരാതി. മുക്കം അഗസ്ത്യൻമൂഴിയിലുള്ള 23 സൻെറ് സ്ഥലത്ത് നിയമാനുസൃതം നിർമിച്ച ബഹുനില കെട്ടിടത്തിന് നമ്പർ അനുവദിക്കാതെ അധികൃതർ ബുദ്ധിമുട്ടിക്കുന്നതായി വെണ്ണക്കോട് കൊളത്തോട്ടിൽ അബ്ദുൽ മജീദാണ് പരാതി ഉന്നയിക്കുന്നത്. കെട്ടിടത്തിന്റെ സമീപത്തെ സ്വകാര്യ വഴിയിൽ അളവ് കുറവുണ്ടെന്ന പരാതിയാണ് നമ്പർ അനുവദിക്കാനുള്ള തടസ്സം. അധികൃതർ വന്ന് അളന്നുനോക്കിയാൽ നിമിഷങ്ങൾക്കകം പരിഹരിക്കാവുന്ന പരാതിയുടെ പേരിലാണ് സംസ്ഥാനസർക്കാർ ഉൾപ്പെടെ സംരംഭകർക്ക് പിന്തുണയും സഹായവും വാഗ്ദാനംചെയ്യുന്ന നാട്ടിൽ പ്രവാസിക്ക് ഈ ദുർഗതി. കാൽനൂറ്റാണ്ടുകാലം മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ സമ്പാദ്യവും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തും സുഹൃത്തുക്കളുടെ സഹകരണത്തോടെയും ഏഴ് കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. മൂന്നു മാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ സ്ഥാപനം തുടങ്ങുന്നതിന് ധാരാളം പേർ സമീപിച്ചിട്ടുണ്ട്. നടപടികളെല്ലാം പൂർത്തിയായതിനാൽ ഉടൻ നമ്പർ ലഭിച്ച് കടമുറി കൈമാറാനുള്ള ഒരുക്കത്തോടെ നാലു ദിവസത്തെ അവധിയെടുത്ത് കഴിഞ്ഞ മാസം നാട്ടിലെത്തി ഒരു മാസത്തോളം അധികൃതരുടെ പിന്നാലെ നടന്നെങ്കിലും നമ്പർ ലഭിച്ചില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വിദേശത്തേക്കുതന്നെ മടങ്ങി. പക്ഷേ, കെട്ടിടനമ്പറിനായി നാട്ടിൽ കൂടുതൽ ദിവസം ചെലവഴിക്കേണ്ടിവന്നതിനാൽ സ്ഥാപനത്തിന് അനുവദിച്ച വിസയുൾപ്പെടെ വിദേശ ബിസിനസിലും വൻ തുക നഷ്ടമായി. ഏറെ കാലത്തെ പ്രവാസജീവിതത്തിനിടെ നാട്ടിൽ സ്വന്തമായി സംരംഭം തുടങ്ങാനുള്ള നീക്കത്തിനാണ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അധികൃതർ തുരങ്കംവെക്കുന്നതെന്ന് മജിദ് പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിടത്തിന് ചുറ്റുമതിൽ നിർമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കെട്ടിടത്തിന് സമീപത്തെ സ്വകാര്യവഴിയിൽ സ്ഥലം കുറവുണ്ടായതായി കാണിച്ച് ബന്ധപ്പെട്ടവർ കലക്ടർക്കും നഗരസഭയിലും പരാതി നൽകിയിട്ടുണ്ട്. പരാതി പരിഹരിക്കുന്നതിന് താലൂക്ക് സർവേയറിൽനിന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന്റെ രേഖ കെട്ടിട ഉടമയിൽനിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ഉടമ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന്, സ്ഥലം അളക്കുന്നമുറക്ക് കൈയേറ്റം ബോധ്യപ്പെട്ടാൽ മതിൽ പൊളിച്ചുനീക്കാമെന്ന സത്യവാങ്മൂലം വാങ്ങിയിട്ടുണ്ടെന്നും നമ്പർ അനുവദിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.