ഓട്ടോഡ്രൈവറെ വധിക്കാൻ ശ്രമം: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

കോഴിക്കോട്: നഗരത്തിലെ ഓ​ട്ടോഡ്രൈവറെ കൂലിത്തർക്കത്തിന്‍റെ പേരിൽ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക്​ 10 വർഷം കഠിനതടവും 60,000 രൂപ പിഴയും. ഓട്ടോഡ്രൈവർ ഒളവണ്ണ സലീമിനെ (37) ആക്രമിച്ച കേസിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി നെയ്യാറ്റിൻകര കരമന മേലൻകോട്ടു പുത്തൻ വീട്ടിൽ കിരണിനെയാണ്​ (40) കോഴിക്കോട് ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്​. രണ്ടാം പ്രതി സുരേഷ് വട്ടപ്പാറ ഒളിവിലാണ്​. പിഴസംഖ്യ പരിക്കേറ്റയാൾക്ക് നൽകണം. പിഴ ഒടുക്കാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. മുഹ്​സിന കെ എന്നിവർ ഹാജരായി. 2013 ഒക്ടോബർ ആറിനാണ്​ കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്​ രാത്രി സലീമിന്‍റെ ഓട്ടോ വിളിച്ച് കിരണും സുരേഷും കണ്ണാടിക്കലേക്ക് പോയെന്നാണ്​ ​കേസ്​. കണ്ണാടിക്കൽ ബസാറിനടുത്ത്​ കനാലിനു സമീപം ഓട്ടോക്കൂലി ചോദിച്ചതിനുള്ള വിരോധത്താൽ കിരൺ കത്തികൊണ്ട് കുത്തി. രണ്ടു​ പ്രതികളും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഒന്നാം പ്രതി സമീപകാലത്ത് പിടിയിലായതോടെ കേസ് വിചാരണ തുടങ്ങി. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ പ്രകാശൻ പടന്നയിലാണ്​ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷൻ ഭാഗം 13 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും മൂന്നു തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.