കോഴിക്കോട്: ക്ലീൻ കേരള കമ്പനിക്കുവേണ്ടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശേഖരിച്ചുനൽകിയത് 1607 ടൺ അജൈവ മാലിന്യം. പ്ലാസ്റ്റിക്കും തുണിയും ചില്ലുമടങ്ങിയ മാലിന്യങ്ങൾ 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ നൽകിയതിന്റെ കണക്കാണിത്.
പാഴ്വസ്തുക്കൾ തരംതിരിച്ചതിന് ഹരിതകർമ സേനാംഗങ്ങൾക്ക് 12 ലക്ഷം രൂപ നൽകി. 26.52 ടൺ പ്ലാസ്റ്റിക് റോഡ് ടാറിടാൻ ഉപയോഗിച്ചു. സംസ്കരിച്ച് കട്ടകളാക്കിയശേഷം കഷ്ണങ്ങളാക്കിയ പ്ലാസ്റ്റിക്കാണ് ടാറിനൊപ്പം ഉപയോഗിച്ചത്. 198 ടൺ തരംതിരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കിട്ടി. വീണ്ടും സംസ്കരിച്ച് ഉപയോഗിക്കാനാവാത്തവയെല്ലാം സിമന്റ് കമ്പനികൾക്ക് നൽകി. 995 ടണ്ണാണ് ഇങ്ങനെ കയറ്റിയയച്ചത്. 18 ടൺ ഇ-മാലിന്യം, 23 ടൺ ചില്ല്, 10.5 ടൺ തുണി എന്നിവയും ശേഖരിച്ചു.
വിവിധ കമ്പനികൾക്ക് ഉൽപന്നങ്ങളുണ്ടാക്കാൻ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ കൈമാറുന്ന പദ്ധതി അടിസ്ഥാനത്തിലാണ് നടപടി. മാലിന്യം നീക്കാനുപയോഗിക്കുന്നത് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളായതിനാൽ കൃത്യമായി വിവരങ്ങൾ ലഭ്യമാവും.
പാഴ്സാധനങ്ങൾ ശേഖരിച്ച് തരംതിരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) കായക്കൊടി പഞ്ചായത്തിൽ തുടങ്ങുന്നകാര്യവും പരിഗണനയിലുണ്ട്. ഇതിനായി ജലസേചന വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.
നവകേരളം കർമപദ്ധതിയുടെ ഭാഗമായ വലിച്ചെറിയൽമുക്ത കേരളം കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 10ന് പണിക്കർ റോഡ് പരിസരം പുതിയകടവ് ബീച്ചിൽ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും.
മാലിന്യം നിക്ഷേപിക്കുന്ന ഈ ഭാഗം ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കി മാലിന്യം വലിച്ചെറിയുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.