കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞവർഷത്തെക്കാൾ പോളിങ് ശതമാനത്തിൽ കുറവ്. 78.42 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. രാത്രി 9.15വരെയുള്ള കണക്ക് പ്രകാരമാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നിൽ. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് കുറഞ്ഞ പോളിങ് ശതമാനം -73.85 ശതമാനം.
ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,06,213 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍ 9,59,152 പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,47,045 പേരും (79.35 ശതമാനം) 51 ട്രാന്സ്ജന്ഡര് വോട്ടര്‍മാരില്‍ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു.
കുറ്റ്യാടി മണ്ഡലത്തിലാണ് കൂടുതല്‍ ശതമാനം സ്ത്രീകള്‍ വോട്ട് ചെയ്തത്. 85.52 ശതമാനം. 71.51 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയ കോഴിക്കോട് നോര്‍ത്ത് മണ്ഡലമാണ് പിന്നില്‍. കൂടുതല്‍ ശതമാനം പുരുഷന്മാര് വോട്ട് ചെയ്തത് കുന്ദമംഗലം മണ്ഡലത്തിലാണ് -82.37 ശതമാനം. 74.19 ശതമാനം പുരുഷന്മാര് വോട്ട് രേഖപ്പെടുത്തിയ നാദാപുരമാണ് പിന്നില്‍. കോഴിക്കോട് നോര്‍ത്തില്‍ വോട്ടുള്ള ആറ് ട്രാന്സ്ജൻഡര് വോട്ടര്‍മാരില്‍ മുഴുവന്‍പേരും വോട്ട് രേഖപ്പെടുത്തി.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ജില്ലയില്‍ സുഗമമായി നടന്നു. കഴിഞ്ഞവർഷം 81.75 ആയിരുന്നു പോളിങ് ശതമാനം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 81.47 ശതമാനമായിരുന്നു.
ഇത്തവണ വീട്ടിലിരുന്ന് 33,708 പേർ വോട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും മറ്റും തപാൽവോട്ടുകൾ ഇതിന് പുറമേയാണ്. ആറ് മണിയോടെതന്നെ ബൂത്തിന് പുറത്തെ വരിയിൽ വോട്ടർമാർ സ്ഥാനംപിടിച്ചിരുന്നു. എട്ടരയോടെ ഒമ്പത് ശതമാനമായിരുന്നു പോളിങ്. കോഴിക്കോട് നോർത്തിലായിരുന്നു ആസമയത്ത് കൂടുതൽ വോട്ട് ചെയ്തത്. 9.30 വരെ 16.35 ശതമാനം പോളിങ്ങുണ്ടായി. നോർത്തും കൊയിലാണ്ടിയും കുന്ദമംഗലവുമായിരുന്നു മുന്നിൽ. 10 മണിയായപ്പോൾ 22.74 ശതമാനമായി. 10.30ന് 25 ശതമാനം പിന്നിട്ടു. നോർത്ത് തന്നെയായിരുന്നു മുന്നിൽ.
നാദാപുരത്ത് മന്ദഗതിയിലായിരുന്നു പോളിങ്. 11.30 ആയതോടെ 34.31 ശതമാനമായി പോളിങ് ഉയർന്നു. ഒരു മണിയോടടുത്തപ്പോൾ 43.46 ശതമാനമായി. 46.40 ശതമാനത്തോടെ കുന്ദമംഗലത്തായിരുന്നു ഉച്ചക്ക് പോളിങ് കൂടുതൽ. കുറവ് തിരുവമ്പാടിയിലും.
1.15ന് ജില്ലയിലെ പകുതി വോട്ടർമാരും വോട്ട് ചെയ്തു. രണ്ട് മണിക്ക് എല്ലാ മണ്ഡലങ്ങളും 50 ശതമാനം പിന്നിട്ടു. നാലിന് 68.52 ശതമാനമായി. ഇൗ സമയത്ത് കുന്ദമംഗലത്തും കുറ്റ്യാടിയിലും 71 ശതമാനവും കഴിഞ്ഞ് മുന്നേറിയിരുന്നു. അഞ്ചിന് ജില്ലയിലെ മൊത്തം ശതമാനം 70 കടന്നു. അവസാനമണിക്കൂറിൽ പലയിടത്തും നീണ്ടവരിയുണ്ടായിരുന്നു. വടകര മണ്ഡലത്തിലെ ഒഞ്ചിയത്ത് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലായിരുന്നു. ഉച്ചക്ക് വന്ന് വരിനിന്നവർക്ക് വളരെ വൈകിയാണ് വോട്ട് ചെയ്യാനായത്. വോട്ടെടുപ്പ് വൈകുന്നതിനെതിരെ ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമ പരാതി നൽകി.
6.15ന് 77 ശതമാനമായി. ഇരട്ടവോട്ടുള്ളവർക്ക് ഒരു ബൂത്തിൽ വോട്ട് ചെയ്യാമെങ്കിലും പേടിച്ച് പോകാതിരുന്നവരും ഏറെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കിയ പട്ടികയിൽ 60,000 പേരാണുണ്ടായിരുന്നത്. ഇവരിൽ പലരും പേടികാരണം വോട്ട് ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.