കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളിൽ. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്നു കടകൾ അടച്ചുപൂട്ടുകയും 23 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതിന് പുറമെ അഞ്ചു കടകൾക്ക് പിഴ ചുമത്തി.
ഷവർമ കടകളിലെ പ്രധാന പ്രശ്നം മയോണൈസിന്റെ തെറ്റായ നിർമാണരീതിയാണെന്ന് അധികൃതർ പറഞ്ഞു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്നു മുതൽ 3.5 മിനിറ്റ് വരെ 60-65 ഡിഗ്രി ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് ഷവർമ നിർമിക്കേണ്ടത്. ഷവർമ ഉണ്ടാക്കുന്നവരുടെ മെഡിക്കൽ ഫിറ്റ്നസും നിയമം കർശനമായി നിർദേശിക്കുന്നു.
ഷവർമ പാർസലായി നൽകുന്ന വേളയിൽ ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്ന ലേബൽ പതിച്ചായിരിക്കണം നൽകേണ്ടത്. ഷവര്‍മ തയാറാക്കുകയും വില്പന നടത്തുകയും ചെയ്യുമ്പോൾ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ സംബന്ധമായ മാർഗനിർദേശങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം. ജില്ലയിൽ കോഴിക്കോട് നഗരത്തിലാണ് കൂടുതൽ ഷവർമ കടകൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.