എലത്തൂർ: റെയിൽവേ സ്റ്റേഷന്റെ എതിർവശത്തുള്ള വാഹന പാർക്കിങ് ഏരിയയിൽ തീപിടിത്തം. നിർത്തിയിട്ട രണ്ടു കാറുകളും ബൈക്കും കത്തി. ഒരു കാർ പൂർണമായും കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. റെയിൽവേ ക്വാർട്ടേഴ്സിന് സമീപത്ത് കൂട്ടിയിട്ട കരിയിലകൾക്ക് തീ കൊടുത്തതിൽനിന്നാണ് പടർന്നത്.
ഏറെ നീളത്തിൽ ചപ്പുചവറുകൾ കത്തിയതിന്റെ ചാരക്കൂട്ടമുണ്ട്. നീണ്ടുപടർന്ന തീ റെയിൽവേ ആവശ്യത്തിന് കൊണ്ടുവന്ന പെയിന്റ് ബാരലുകളിലേക്ക് പടരുകയായിരുന്നു. തീപിടിച്ച ബാരലുകൾ പൊട്ടിത്തെറിച്ചതായി പരിസരവാസികൾ പറയുന്നു. റെയിൽവേയുടെ മതിലിനോട് ചേർന്നാണ് ബാരലുകൾ സൂക്ഷിച്ചത്.
റെയിൽവേ പാർക്കിങ്ങിൽ നിർത്തി തലശ്ശേരിയിൽ ജോലിക്ക് ട്രെയിൻമാർഗം പോയ വെങ്ങളം സ്വദേശി ഫൈസലിന്റേതാണ് ബൈക്ക്. തീപടർന്ന ബൈക്ക് നാട്ടുകാരും എലത്തൂർ പൊലീസും തള്ളിമാറ്റിയാണ് അണച്ചത്. ബീച്ചിൽ നിന്നെത്തിയ മൂന്ന് അഗ്നിരക്ഷാ യൂനിറ്റും കൊയിലാണ്ടിയിൽ നിന്നെത്തിയ ഒരു യൂനിറ്റും എലത്തൂർ പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചു.
ബീച്ച് സ്റ്റേഷൻ ഓഫിസർ ഇ. സതീശൻ, എലത്തൂർ പൊലീസ് ഇൻസ്പെക്ടർ സായൂജ് കുമാർ എന്നിവർ നേതൃത്വം നൽകി. നാട്ടുകാരുടെയും എലത്തൂർ പൊലീസിന്റെയും സമയോചിതമായ ഇടപെടൽ വൻ അഗ്നിബാധ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.