രാമനാട്ടുകര: എയർപോർട്ട് റോഡിൽ ഇരുനില വസ്ത്രാലയത്തിൽ വൻ അഗ്നിബാധ. 1.5 കോടി രൂപയുടെ തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും റാക്ക് അടക്കമുള്ള സാമഗ്രികളും നശിച്ചതായാണ് പ്രാഥമിക വിവരം.
വൈറ്റ് സിൽക്സ് വെഡിങ് സെന്ററിൽ ഞായറാഴ്ച രാവിലെ 11നാണ് തീപിടിത്തമുണ്ടായത്. അവധിയായിരുന്നതിനാൽ അകത്ത് ജീവനക്കാർ ഇല്ലാതിരുന്നത് രക്ഷയായി. കെട്ടിടത്തിന് അകത്തുനിന്ന് പുറത്തേക്ക് പുക പടർന്നതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
മീഞ്ചന്ത, ബീച്ച് ഭാഗങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെയും ഫറോക്കിൽനിന്ന് പൊലീസിനെയും വിളിച്ചുവരുത്തി.
തുണിക്കടയിൽനിന്ന് പുക പ്രവഹിക്കുന്നത് കണ്ട് അരികിലെ സ്ഥാപനങ്ങളിലുള്ളവർ പുറത്തിറങ്ങി പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി. ഷട്ടർ പൊളിച്ചാണ് അകത്തുകയറിയത്. പുക പടർന്നാണ് റെഡിമെയ്ഡ് വസ്ത്രങ്ങളും തുണിത്തരങ്ങളും ഏറെയും നശിച്ചത്. ലോകോത്തര കമ്പനികൾ ഉൽപാദിപ്പിക്കുന്ന വിലയേറിയ വസ്ത്രങ്ങളും നശിച്ചവയിൽ ഉൾപ്പെടുന്നു.
രാമനാട്ടുകരയിൽ എയർപോർട്ട് റോഡിൽ ഏതാനും സമയം ഗതാഗതം മുടങ്ങി. മീഞ്ചന്ത, ബീച്ച് ഫയർ സ്റ്റേഷനുകളിൽനിന്നായി സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ 15ലേറെ സേനാംഗങ്ങൾ ചേർന്നാണ് തീയണച്ചത്. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ്, ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ജാഗരൂകരായി രംഗത്തുണ്ടായിരുന്നു. വസ്ത്രാലയത്തിൽ 20 ശതമാനം തുണിത്തരങ്ങളൊഴികെ ബാക്കിയെല്ലാം നശിച്ചതായി ഉടമകളായ അരീക്കാടൻ മുസ്തഫ, കെ.ടി. മുഹമ്മദ് കുട്ടി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.