ബാലുശ്ശേരി: വയലട കോട്ടക്കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്കു വീട് പണിതുനൽകിയെങ്കിലും വെള്ളവും വെളിച്ചവും പ്രാഥമിക സൗകര്യവുമില്ലാതെ ദുരിതമനുഭവിക്കേണ്ട അവസ്ഥ. പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട വയലട കോട്ടക്കുന്ന് ആദിവാസി കോളനിയിൽ പണിയ വിഭാഗത്തിൽപെട്ട മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നത്.
പനങ്ങാട് പഞ്ചായത്ത് എസ്.ടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു വീടുകൾ പണിതു നൽകിയെങ്കിലും വീടിന് കക്കൂസ് ഇതുവരെ നിർമിച്ചുനൽകിയിട്ടില്ല. 70 പിന്നിട്ട നുറുങ്ങിയും നടക്കാൻ വയ്യാത്ത മാണിയും പ്രാഥമിക കൃത്യങ്ങൾക്കായി ചെങ്കുത്തായ മലയുടെ താഴത്തെ കാടിനെയാണ് ആശ്രയിക്കുന്നത്. ഗോപിയും ചെമ്പനും താമസിക്കുന്ന വീടുകളുടെയും സ്ഥിതി ഇതുതന്നെ. കുടിവെള്ളവും കിട്ടാക്കനിയാണ്. പഞ്ചായത്ത് വാഹനത്തിൽ വെള്ളമെത്തിച്ചു നൽകുന്നതും അവരുടെ ഇഷ്ടത്തിനനുസരിച്ച്.
കോളനിക്ക് സമീപത്തുകൂടി വൈദ്യുതി ലൈൻ വലിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വീടുകളിലേക്ക് കണക്ഷൻ ലഭ്യമാക്കിയിട്ടില്ല. കുട്ടികളുടെ പഠനമടക്കം മണ്ണെണ്ണ വെളിച്ചത്തിലാണ്. കോളനിക്ക് തൊട്ടടുത്താണ് വയലടയിലെ വിനോദസഞ്ചാരകേന്ദ്രമായ മുള്ളൻപാറ. ഇവിടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ കെട്ടിടം പണിതിട്ടുണ്ട്. സഞ്ചാരികൾക്കായി ടീസ്റ്റാളുമുണ്ട്. യഥേഷ്ടം വൈദ്യുതിവെളിച്ചവുമുണ്ട്. കോളനിയിലെ മൂന്നു കുടുംബങ്ങൾക്കുള്ള വീടിന്റെ നിർമാണം നാലഞ്ചു വർഷംമുമ്പ് തുടങ്ങിയതാണ്.
പൂർത്തിയായിട്ട് വർഷം തികയുന്നതേയുള്ളൂ. കക്കൂസ് ടാങ്കിനുവേണ്ടി കുഴി മാത്രമാണ് കുഴിച്ചിട്ടുള്ളത്. ലൈഫ് പദ്ധതിയിൽ ഓരോ വീടിനും ആറു ലക്ഷം രൂപയാണ് ചെലവ്. മഴക്കാലത്ത് കോളനിവാസികൾക്ക് ഇവിടെ ഏറെ ദുരിതമനുഭവിക്കേണ്ടിവരുന്നുണ്ട്. ചെങ്കുത്തായ മുള്ളൻപാറ കയറിയിറങ്ങി വേണം വയലടയിലെത്താൻ. റേഷൻ കടയും കുടുംബാരോഗ്യകേന്ദ്രവും ഇവിടെയാണ്.
വയലടയിലെ എൽ.പി സ്കൂളിലെത്താനും കുട്ടികൾക്ക് പ്രയാസമാണ്. തുടർ പഠനത്തിനായി 10 കിലോമീറ്ററോളം ദൂരെയുള്ള കല്ലാനോട് സ്കൂളിനെ ആശ്രയിക്കണം. കുട്ടികളെ സ്കൂളിലെത്തിക്കാനായി ഇവിടത്തെ അധ്യാപകർതന്നെ വാഹനം ഏർപ്പാട് ചെയ്തിരിക്കയാണ്. വയലടയിൽനിന്ന് കോട്ടക്കുന്നിലേക്ക് റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ ശക്തമായ മഴയിൽ റോഡ് ഭാഗികമായി തകർന്നിരിക്കയാണ്. നേരത്തേ ഒമ്പതു കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ആറു കുടുംബങ്ങളെ ഒരേക്കർ ഭൂമി നൽകി മുതുകാട് വനത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.