കോഴിക്കോട്: ഗ്രൂപ് തിരിഞ്ഞ് ‘ശംസുൽ ഉലമ’ സെമിനാർ സംഘടിപ്പിക്കുന്നത് വിലക്കി സമസ്ത നേതൃത്വം. ഒരേ തലക്കെട്ടിൽ സമസ്തയിലെ രണ്ടു വിഭാഗങ്ങൾ ഒക്ടോബറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ദേശീയ സെമിനാറുകളാണ് വിവാദമായതിനെ തുടർന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും എം.ടി. അബ്ദുല്ല മുസ്ലിയാരും ഇടപെട്ട് നിർത്തിവെപ്പിച്ചത്.
ഒരുമിച്ച് സെമിനാർ നടത്തുന്നതു സംബന്ധിച്ച് ആലോചിക്കാൻ ഇരുവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുള്ള യോഗം ഈമാസം 15ന് ചേരാനും ധാരണയായി. മുശാവറ അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ഭിന്നതയുള്ള മറ്റു വിഷയങ്ങളും ചർച്ചയാകുമെന്ന് അറിയുന്നു. സമസ്ത ജന. സെക്രട്ടറിയായിരുന്ന ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ ചരമ വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ബാനറിലാണ് ആദ്യം ദേശീയ സെമിനാർ പ്രഖ്യാപിച്ചത്. ജില്ല കമ്മിറ്റിയുടെതാണെങ്കിലും മറ്റു ജില്ലകളിൽനിന്നുള്ള നേതാക്കളെയും സ്വാഗതസംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മുസ്ലിം ലീഗിനോട് ആഭിമുഖ്യം പുലർത്തുന്ന സമസ്ത നേതാക്കളെ പരിപാടിയിൽനിന്ന് അകറ്റിനിർത്തി. ഇതിൽ പ്രതിഷേധിച്ചാണ് ലീഗിനോട് ആഭിമുഖ്യമുള്ളവർ സമാന്തര സെമിനാർ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് 1501 അംഗ സ്വാഗതസംഘവും രൂപവത്കരിച്ചു. കമ്മിറ്റിയിൽ ലീഗ് വിരുദ്ധ പട്ടികയിലുള്ള നേതാക്കളെ ഉൾപ്പെടുത്തിയിരുന്നില്ല.
ഭിന്നത അതിരുകടക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് സമസ്തയിലെ മുതിർന്ന നേതാക്കൾ ഇടപെട്ടത്. സമസ്ത പ്രസിഡന്റുമായി ആലോചിച്ചാണ് തങ്ങൾ സെമിനാർ പ്രഖ്യാപിച്ചതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് മുബശിർ തങ്ങളും ജന. സെക്രട്ടറി റാശിദ് കാക്കുനിയും വ്യക്തമാക്കി. സമാന്തര സ്വാഗതസംഘം രൂപവത്കരിച്ച് ചില കേന്ദ്രങ്ങൾ ഭിന്നിപ്പിനും വിഭാഗീയതക്കും കോപ്പുകൂട്ടുന്ന സാഹചര്യത്തിലാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചത്. സമസ്തയുടെ നേതാക്കളെയും അതിന്റെ തീരുമാനങ്ങളെയും ഇകഴ്ത്താനും അതിന്റെ മറവിലൂടെ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.