കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകുന്നതായി ആരോപണം. അത്യാഹിതങ്ങളിൽപ്പെട്ട് രോഗികൾ എത്തുമ്പോൾ ഡോക്ടർമാരുടെ ഭാഗത്തു നിന്ന് തണുപ്പൻ പ്രതികരണമാണ് ഉണ്ടാവുന്നതെന്ന് കൂട്ടിരിപ്പുകാർ പറയുന്നു. രാവിലെ ചെറിയ പരിക്കുമായി എത്തിയാൽ വരെ വൈകീട്ട് മാത്രമേ ആശുപത്രി വിടാനാവൂ എന്നതാണ് അവസ്ഥ. പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും വിദ്യാർഥികളുമാണ് അത്യാഹിത വിഭാഗത്തിൽ ഉണ്ടാവുക. മുതിർന്ന ഡോക്ടർമാരെ പലപ്പോഴും കാണാനാവില്ല. മെഡിസിൻ, സർജറി, ഓർത്തോ വിഭാഗങ്ങളിൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ അപൂർവമായേ ഡ്യൂട്ടിയിലുണ്ടാവൂ. അതു കൊണ്ട് തന്നെ ഉത്തരവാദപ്പെട്ടരാരും തന്നെ ഇല്ലാത്ത നാഥനില്ലാത്ത അവസ്ഥയാവും മിക്ക സമയങ്ങളിലും.
അതാത് യൂനിറ്റ് മേധാവിമാർ ദിവസം ഒരു തവണ വന്നു നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളു എന്ന് കൂട്ടിരിപ്പുകാർ പറയുന്നു. ഒപിയിലെ തിരക്കു കാരണം യൂനിറ്റ് മേധാവിമാർ ഇവിടേക്ക് വരുന്നത് വളരെ കുറവാണ്. അതേ സമയം ചെറിയ കേസുകൾപോലും ഒ.പിയിൽ നിന്ന്ഡോക്ടർ വരട്ടെ എന്ന് പറഞ്ഞ് വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
കാഷ്വാലിറ്റിയിൽ ഡൂട്ടി എം.ഒമാർ ഇല്ലാത്തത് കാരണം മരണം സംഭവിച്ചാൽ മൃതദേഹം വിട്ടുകൊടുക്കുന്നതും വൈകാനിടയാക്കുന്നു. മരണം സ്ഥിരീകരിച്ച് മൃതദേഹം വിട്ടുകൊടുക്കേണ്ടതും മോർച്ചറിയിലേക്ക് മാറ്റേണ്ടതും ഡൂട്ടി എം.ഒമാരാണ്. ബന്ധപ്പെട്ടവരോട് അന്വേഷിച്ചാൽ ഒ.പിയിൽ പരിശോധനക്ക് പോയി എന്നാവും മറുപടി. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.