കോഴിക്കോട്: ജില്ലയിൽ വളർത്തുനായ്ക്കളടക്കമുള്ളവയെ റോഡരികിലും മറ്റും ഉപേക്ഷിച്ചു പോവുന്നത് വർധിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നഗരത്തിൽ മാത്രം നിരവധി നായ്ക്കളെ ഉടമകൾ ഉപേക്ഷിച്ചതായാണ് മൃഗസ്നേഹികൾ പറയുന്നത്. ഇവയിൽ മിക്കതും ഉയർന്ന ജനുസിൽപെട്ട രോഗം വന്നതോ പ്രായമായവയോ ആണ്. ഇത്തരത്തിൽ ഉപേക്ഷിച്ച മൂന്ന് നായ്ക്കൾ ഇപ്പോൾ ജില്ല വെറ്ററിനറി കേന്ദ്രത്തിന്റെ പിൻഭാഗത്ത് മൃഗസ്നേഹികളുടെ കാരുണ്യത്തിൽ കഴിയുന്നു. ഇവയിലൊന്ന് മൃഗാശുപത്രിയിൽ ഉടമ ചങ്ങലയിൽ കെട്ടിയിട്ടുപോയ പിറ്റ് ബുൾ ഇനത്തിൽപെട്ട നായാണ്.
ഗുരുതരരോഗം ബാധിച്ച ഈ നായുടെ ശസ്ത്രക്രിയക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് നഗരത്തിലെ നായ്ക്കളുടെ സംരക്ഷകയായ ഷൈമ പറമ്പിൽ പറഞ്ഞു. ഉടമകൾ ഉപേക്ഷിക്കുന്ന നായ്ക്കൾ നഗരത്തിൽ കൂടിവരികയാണെന്ന് തെരുവുനായ് സംരക്ഷകനായ അഡ്വ. ശാലീൻ മാഥൂർ പറഞ്ഞു. കഴിഞ്ഞ ദിവസം പേരാമ്പ്ര കായണ്ണ സ്കൂൾ പരിസരത്ത് ഉടമ ഉപേക്ഷിച്ച നായ്,തന്നെ തിരിച്ചു കൊണ്ടുപോവാൻ ആളെത്തുമെന്ന് പ്രതീക്ഷിച്ച് ഒരാഴ്ചയോളം അതേ സ്ഥലത്ത് കാത്തിരുന്നത് ശ്രദ്ധനേടിയിരുന്നു.
പിന്നീട് ജീപ്പിലെത്തിയ സുമനസ്സുകളിലൊരാൾ നായുടെ സംരക്ഷണമേറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടക്കാവ് ഇംഗ്ലീഷ് പള്ളിയിൽ റോഡിൽ ഉപേക്ഷിച്ച ഡാഷ്ഹണ്ട് ഇനത്തിൽപെട്ട നായും സമീപത്തെ വീട്ടമ്മയുടെ സംരക്ഷണത്തിൽ കഴിയുന്നു. ത്വക് രോഗം വന്നതോടെ ഉപേക്ഷിച്ചതാണ് ഇതിനെയെന്ന് കരുതുന്നു.
ഉപക്ഷേിക്കപ്പെടുന്ന നായ്ക്കളെ സംരക്ഷിക്കാൻ കോർപറേഷൻ ബജറ്റിൽ ഡോഗ് പാർക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിന് പലർക്കും വിമുഖതയാണ്. നായ്ക്കൾക്കും നായ തീറ്റ നൽകുന്നവർക്കും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. ശിക്ഷാനിയമം 428, 429 വകുപ്പുകൾ പ്രകാരം മൃഗങ്ങളോടും വളർത്തുമൃഗങ്ങളോടുമുള്ള ക്രൂരതക്ക് അഞ്ചു വർഷം വരെ തടവ് കിട്ടും. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന് കീഴിലുള്ള ആനിമൽ ബർത്ത് കൺട്രോൾ (ഡോഗ്) റൂൾസ്, 2001, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ വിജ്ഞാപനം എന്നിവയെല്ലാം ശക്തമായ നടപടികൾ അനുശാസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.