കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതിലിനുള്ളിൽ അജ്ഞാതനായിക്കഴിഞ്ഞ മിട്ടുവിന് ഒടുവിൽ മോചനം. യു.പി ബൽരാമപുരം സ്വദേശിയാണ് 24കാരനായ മിട്ടു. അഞ്ചു മാസത്തിലേറെയായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ആളറിയാതെ കഴിയുകയായിരുന്നു.
നേരത്തെയും മിട്ടു ഇതുപോലെ വീടുവിട്ട് പോയിരുന്നെങ്കിലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ തിരിച്ചുവന്നിരുന്നു. ഇത്തവണയും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
ആ സമയത്താണ് മിട്ടു കേരളത്തിലുണ്ടെന്ന് പൊലീസ് അറിയിക്കുന്നതെന്ന് മിട്ടുവിന്‍റെ സഹോദരൻ കമ്രാൻ പറഞ്ഞു. 2021 ഒക്ടോബറിൽ മെഡിക്കൽ കോളജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന മിട്ടുവിനെ മെഡിക്കൽ കോളജ് പൊലീസാണ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്.
മാനസികാരോഗ്യ കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകനായ ശിവൻ കോട്ടൂളിയാണ് മിട്ടുവിന്‍റെ വീട്ടുകാരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ നടത്തിയത്. നിരന്തരമായി മിട്ടുവിനോട് സംസാരിച്ച് അദ്ദേഹം യു.പി ബൽരാമപുരം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതും ബൽരാമപുരം പൊലീസിനെ ബന്ധപ്പെട്ടതുമെല്ലാം ശിവൻ കോട്ടൂളിയായിരുന്നു. അവിടെനിന്നുള്ള നിർദേശപ്രകാരം ഭഗ്വതി ജങ്ഷൻ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും അവിടത്തെ എസ്.ഐ മിട്ടുവിന്‍റെ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുകയായിരുന്നു.
ഒരു മാസത്തിനുശേഷമാണ് പൊലീസിന് ബന്ധുക്കളെ കണ്ടെത്താനായത്. പൊലീസ് സ്റ്റേഷനിൽനിന്ന് 20 കിലോമീറ്റർ അകലെയായിരുന്നു മിട്ടുവിന്‍റെ കുടുംബം താമസിച്ചിരുന്നത്.
തുടർന്ന് കുടുംബാംഗങ്ങൾ ശിവൻ കോട്ടൂളിയെ ബന്ധപ്പെട്ടു. കാണാതായതുമുതൽ മിട്ടുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് കുടുംബം അറിയിച്ചതായി ശിവൻ കോട്ടൂളി പറഞ്ഞു.
മുംബൈയിൽ ജോലിചെയ്യുന്ന സഹോദരൻ കമ്രാൻ കോഴിക്കോടെത്തി മിട്ടുവിനെ കൂട്ടിക്കൊണ്ടുപോയി. മിട്ടുവിനെ തിരികെ തന്നതിന് ആശുപത്രി അധികൃതരോട് നിറ കണ്ണുകളോടെ നന്ദി പറഞ്ഞാണ് കമ്രാൻ യാത്ര പറഞ്ഞത്. മിട്ടുവിന് നാട്ടിലെത്താനുള്ള യാത്രാചെലവും മരുന്നുകൾക്കുള്ള ചെലവും ആശുപത്രി അധികൃതർ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.