കോഴിക്കോട്: ആയിഷ ബീഗം മരിച്ചെന്നാണ് യു.പി ബരാബങ്കിയിലെ ആ ഗ്രാമനിവാസികളാകെ വിശ്വസിച്ചിരുന്നത്. കാണാതായ ഇവരുടേതെന്ന് കരുതി, ഗ്രാമത്തിലൊരിടത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഖബറടക്കുകയും ചെയ്തു. എന്നാൽ, 'മരിച്ച' ആയിഷ മലയാള മണ്ണിൽനിന്ന് തിരിച്ചെത്തുന്നതിെൻറ 'ഞെട്ടലിലും' ആശ്വാസത്തിലുമാണ് ആ ഗ്രാമനിവാസികൾ ഇപ്പോൾ.
ചെറിയ മാനസിക പ്രശ്നങ്ങൾ കാരണം എങ്ങോട്ടെന്നില്ലാതെ വർഷങ്ങൾക്കുമുമ്പ് ഇറങ്ങിപ്പോയ ആയിഷ വിവിധയിടങ്ങളിലെ അലച്ചിലിനൊടുവിൽ വടകരയിലെത്തുകയായിരുന്നു. 70കാരിയായ ഇവരെ വടകര പൊലീസ് 2019 ഒക്ടോബറിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
വീടും നാടും ഓർമയില്ലാത്ത ഇവരോട് സന്നദ്ധ പ്രവർത്തകനായ ശിവൻ കോട്ടൂളി സംസാരിച്ചതോടെയാണ് ആ ജീവിതത്തിെൻറ ചുരുളഴിഞ്ഞത്. യു.പിയിലെ ബരാബങ്കി ജില്ലക്കാരിയാണെന്ന് ശിവൻ കോട്ടൂളി മനസ്സിലാക്കി. അവിടത്തെ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് സിങ്ങുമായി ബന്ധപ്പെട്ടു.
മെക്കാനിക്കായ ഏക മകൻ അബ്ദുല്ലയെ കണ്ടെത്തി. അബ്ദുല്ലയാണ് ഉമ്മയെന്ന് കരുതി അജ്ഞാത മൃതദേഹം ഖബറടക്കിയതടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഭർത്താവ് അഡ്വ. ഗയാസ് വർഷങ്ങൾക്കുമുമ്പ് ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് വേറെയാണ് താമസം. കഴിഞ്ഞ ദിവസം അബ്ദുല്ല കോഴിക്കോട്ടെത്തി ഉമ്മയെ കണ്ടു. വിട്ടുപോയെന്ന് കരുതിയ ഉമ്മയെ തിരിച്ചുകിട്ടിയതിെൻറ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് നന്ദിപറഞ്ഞാണ് അബ്ദുല്ല ആയിഷയുമായി മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്.
അലഞ്ഞുതിരിഞ്ഞ് നടക്കവെ ഒന്നരവർഷം മുമ്പ് കാടാമ്പുഴ പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മധ്യപ്രദേശ് സ്വദേശി അമീനും (35) നാട്ടിലേക്ക് മടങ്ങി. ശിവൻ കോട്ടൂളിതന്നെയാണ് ഇദ്ദേഹത്തിെൻറ ബന്ധുക്കളെയും കണ്ടെത്തിയത്. നമ്പർ 10, നളന്ദ സ്കൂൾ, ഭോപാൽ എന്നദ്ദേഹം പറഞ്ഞതോടെ ശിവൻ ഭോപാൽ അബിബ്ഗഞ്ചിലെ പൊലീസ് ഇൻസ്പെക്ടർ പ്രജാപതിയെ ബന്ധപ്പെടുകയായിരുന്നു.
കോൺസ്റ്റബ്ൾമാരായ ദേവേന്ദ്ര സിങ്, നരേന്ദ്ര ലജ്പാൽ എന്നിവരുടെ സഹായത്തോടെയാണ് അമീനിെൻറ കുടുംബത്തെ കണ്ടെത്തിയത്. 10 വർഷം മുമ്പ് നാട്ടിൽനിന്ന് പോന്ന ഇദ്ദേഹത്തിെൻറ കുടുംബവും കേരളത്തിന് നന്ദി പറഞ്ഞാണ് അമീനിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.