കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ നൽകിയ പരാതികളിലൊന്നിൽ പോലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താതെ പൊലീസ് തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്ന് ഹാജറ നജയുടെ കുടുംബം. ഡോക്ടറെ ആക്രമിച്ചുവെന്ന പരാതിയിൽ നജയുടെ ഭർതൃസഹോദരൻ ഷഹീർ ഫാസിൽ, ഷഹീറിന്റെ അമ്മാവൻ മുഹമ്മദലി, നജയുടെ ഭർതൃപിതാവിന്റെ സഹോദരീ ഭർത്താവ് അഷ്റഫ് എന്നിവർ അറസ്റ്റിലായി റിമാൻഡിലാണ്.
ഭർത്താവ് സൽമാനെ കിട്ടണം എന്നുപറഞ്ഞ് നടക്കാവ് പൊലീസ് ദിവസവും രാപ്പകൽ വ്യത്യാസമില്ലാതെ വീട്ടിൽ കയറിയിറങ്ങുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് ഹാജറ നജയുടെ ഭർതൃപിതാവ് ടി.വി. ഹമീദ് പറഞ്ഞു. മകൻ സൽമാനെ കിട്ടിയില്ലെങ്കിൽ തന്നെയും ഭാര്യ ഫാത്തിമ ബീവിയെയും അറസ്റ്റ്ചെയ്യുമെന്നാണ് ഇപ്പോഴത്തെ ഭീഷണി. മിക്കസമയവും പൊലീസ് വാഹനം വീടിനു മുന്നിൽ നിർത്തിയിടുകയാണ്.
ഇത് കുടുംബത്തിലെ എല്ലാവർക്കും വലിയ മാനസിക സമ്മർദം സൃഷ്ടിക്കുന്നുണ്ട്. സ്വസ്ഥതയോടെ അന്തിയുറങ്ങാൻ പോലും കഴിയുന്നില്ല. മർദനമേറ്റു എന്നു പറയുന്ന ഡോക്ടറെ മകൻ സൽമാൻ കണ്ടിട്ടുപോലുമില്ല. കുഞ്ഞ് മരിച്ചതറിഞ്ഞാണ് സൽമാൻ സൗദിയിൽനിന്ന് നാട്ടിലെത്തിയത്. ഹാജറ നജക്ക് ഇതുവരെ പൂർണ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അതിനിടെയാണ് പൊലീസിൽനിന്നുള്ള ഭീഷണി. ഡോക്ടർമാരുടെ സംഘടനയിൽനിന്നുള്ള സമ്മർദം കാരണമാണ് പൊലീസ് കേസെടുക്കാത്തത്.
കുട്ടിയെ നഷ്ടപ്പെട്ട ഒരു സ്ത്രീ നടക്കാവ് പൊലീസ്, സിറ്റി പൊലീസ് മേധാവി, ഉത്തരമേഖല ഐ.ജി, ജില്ല കലക്ടർ, ആരോഗ്യമന്ത്രി എന്നിവരടക്കമുള്ളവർക്ക് പരാതി നൽകിയിട്ട് കേസെടുക്കാൻ പോലും തയാറാവാത്തത് എന്ത് സന്ദേശമാണ് നൽകുന്നത്. ആക്ഷൻ കമ്മിറ്റി നീതിക്കായി തുടർപ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: ആശുപത്രിയിലുണ്ടായ അനിഷ്ടസംഭവത്തിനിടെ ഡോ. അശോകൻ പിടിച്ചുതള്ളിയെന്ന വനിതയുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടില്ല. ഹാജറ നജയുടെ ഭർത്താവിന്റെ ഉമ്മ ഫാത്തിമ ബീവിയായിരുന്നു പരാതി നൽകിയിരുന്നത്. നടക്കാവ് പൊലീസിലാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.