വയലേലകളിൽ തൊപ്പിക്കുട ചൂടി കൃഷിപ്പണിയിൽ മുഴുകി കർഷകരുടെ നിര. കന്നുപൂട്ടും നാട്ടിപ്പാട്ടും. ആ പഴയകാല ഓർമകൾ മനസ്സിൽ താലോലിച്ച് തലക്കുട നിർമാണത്തിൽ മുഴുകി നന്മയുടെ ദേശത്ത് ഇന്നും ഒരാളുണ്ട്, അരേനപ്പൊയിലിലെ മാണിക്യ തിരുകണ്ടി രാമൻ കുട്ടി. അദ്ദേഹത്തിനിത് തൊപ്പിക്കുട നിർമാണത്തിെൻറ ഗോൾഡൻ വർഷമാണ്.
കാലം മാറി കന്നും കലപ്പയും നാട് നീങ്ങി വിത്തിടാനും കൊയ്ത്തിനും യന്ത്രമായി. കർഷകർ വർണ്ണപ്പൊലിമയുള്ള ശീലക്കുടകൾ ചൂടി വയൽ വരമ്പിലെ കാഴ്ചക്കാരായി മാറി. അതിനിടയിലും മണ്ണിൽ അധ്വാനിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരിൽ ചിലർ ഇന്നും രാമൻകുട്ടിയുടെ അടുത്ത് തൊപ്പിക്കുട ചോദിച്ചെത്തുന്നു. അവർക്ക് രാമൻ കുട്ടി മാണിക്യമാണ്.
കാണുന്നവർക്ക് കുട നിർമ്മാണം നിസ്സാരമായി തോന്നുമെങ്കിലും ഭാരിച്ച പണിയാണെന്ന് രാമൻ കുട്ടി പറയുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് തന്നെയാണ് പ്രധാന പ്രശ്നം. പനയിൽ കയറി പനയോല വെട്ടി തരുന്നവന് വലിയ ഒരു തുക തന്നെ കൊടുക്കണം. പിന്നെ അത് വേനലിൽ ഉണക്കി പാകമാക്കണം. നാട്ടിൽനിന്നും മുളകൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നതും ഈ കുടിൽ വ്യവസായത്തിന് വിഘാതമാകുന്നു.
രണ്ടു ദിവസം കൊണ്ട് ഒരു തലക്കുട പൂർത്തിയാക്കാൻ കഴിയും. അധ്വാനത്തിന് അനുസരിച്ചുള്ള കൂലിയും വാങ്ങാറില്ല. ഒരു കുടക്ക് 500 രൂപയാണ് ഈടാക്കുന്നതെന്നും ഇതര ദേശങ്ങളിലുള്ളവരായിരുന്നു തലക്കുട അന്വേഷിച്ചു വരാറെന്നും ഇത്തവണ കോവിഡ് കാരണം ആരും എത്തിയിെല്ലന്നും രാമൻകുട്ടി പരിതപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.