കോഴിക്കോട്: ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉയർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ബീച്ചിലെ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും 26ന് വൈകീട്ട് ആറിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുമെന്ന് മേയർ ഡോ. എം. ബീന ഫിലിപ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു കൊല്ലത്തിനകം പ്രവൃത്തി പൂർത്തിയാവും.
കോഴിക്കോട് ബീച്ചിനെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ, ഫുഡ്സേഫ്റ്റി വകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കോർപറേഷൻ പദ്ധതി നടപ്പാക്കുന്നത്. 90 വഴിയോര കച്ചവടക്കാരെയാണ് പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കുക.
ബീച്ച് സൗന്ദര്യവത്കരണം, ഉന്തുവണ്ടികളുടെ ഏകരൂപം എന്നിവ ഫുഡ്സ്ട്രീറ്റിനെ കൂടുതൽ മികവുള്ളതാക്കും. 4.06 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. അതിൽ 2.41 കോടി രൂപ എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഒരു കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പ് അനുവദിക്കും. ബാക്കി തുക കോർപറേഷൻ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.