കോഴിക്കോട്: കടപ്പുറത്തെ കാർ പാർക്കിങ് പദ്ധതി കടലാസിലൊതുങ്ങുന്നു. ദിവസേന ആയിരക്കണക്കിനാളുകളെത്തുന്ന കടപ്പുറത്തെ പാർക്കിങ് ബുദ്ധിമുട്ടിന് പരിഹാരമായിട്ടായിരുന്നു കോർപറേഷനും മാരിടൈം ബോർഡും ചേർന്ന് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, മാസങ്ങൾക്കിപ്പുറവും പദ്ധതി തുടങ്ങിയേടത്തുതന്നെ നിൽപാണ്.
കടപ്പുറത്ത് രണ്ടിടത്തായി കാർ, ലോറി പാർക്കിങ് പദ്ധതിക്ക് കഴിഞ്ഞ ജൂണിലാണ് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകിയത്. തോപ്പയിൽ ബീച്ചിൽ 3.92 എക്കറിൽ 200 ലോറികൾക്കും ഗാന്ധിറോഡിന് സമീപം 4.22 ഏക്കറിൽ 700 കാറുകൾക്കും പാർക്കിങ് ഒരുക്കാനാണ് തീരുമാനിച്ചത്. മാരിടൈം ബോർഡും കോർപറേഷനും പദ്ധതിക്കായി ധാരണപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പാർക്കിങ് കേന്ദ്രത്തിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്ക് പാർക്കിങ്ങിനുള്ള സൗകര്യം, ചെറിയ സീ ഫുഡ് കോർട്ടുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കാനും തീരുമാനിച്ചു. പാർക്കിങ് ഭൂമിയുടെ ലീസ് തുകയുടെ പകുതി കോർപറേഷൻ കേരള മാരിടൈം ബോർഡിന് നൽകും. നിർമാണ ചെലവ് കേരള മാരിടൈം ബോർഡും കോർപറേഷനും തുല്യമായി വഹിക്കും.
പദ്ധതിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി കേരള മാരിടൈം ബോർഡും പകുതി കോർപറേഷനും പങ്കിടും എന്നതായിരുന്നു ധാരണ. ഇതുപ്രകാരം പ്രസ്തുത ഭൂമിയിൽ പദ്ധതി സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും തറക്കല്ലിടൽ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും തുടർനടപടികളുണ്ടായില്ല.
ഇതിനിടെ തൊടിയിൽ ബീച്ച് സംരക്ഷണസമിതി രൂപവത്കരിച്ച് നാട്ടുകാരിൽ ചിലർ പദ്ധതിക്കെതിരെ രംഗത്തുവന്നു. കടലോരം സ്വാഭാവിക തനിമയോടെ സംരക്ഷിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ഇവർ ഇവിടെ ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. പദ്ധതിയുടെ തറക്കല്ലിടൽവരെ പ്രഖ്യാപിച്ചശേഷം കോർപറേഷൻ പിൻവാങ്ങുകയാണുണ്ടായതെന്ന് വാർഡ് കൗൺസിലർ കെ. റംലത്ത് പറഞ്ഞു. ഇവിടെ പാർക്കിങ് കേന്ദ്രം വരുന്നതോടെ ബീച്ച് റോഡിലെ ഗതാഗതക്കുരുക്കടക്കം ഒഴിവാകും. ആളൊഴിഞ്ഞ് കാടുമൂടിക്കിടക്കുന്ന നിർദിഷ്ട പ്രദേശം നിലവിൽ സാമൂഹിക വിരുദ്ധർ താവളമാക്കിയിട്ടുണ്ട്. പദ്ധതി പെട്ടെന്ന് യാഥാർഥ്യമാക്കാൻ കോർപറേഷൻ നടപടി സ്വീകരിക്കണമെന്നും അവർ അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.