കോഴിക്കോട്: കത്തിക്കാളുന്ന ചൂടിൽ എരിപിരി കൊള്ളുമ്പോഴും മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഫാനുകൾ കറങ്ങുന്നില്ല. നിർമാണവൈകല്യം കാരണം മതിയായ വായുസഞ്ചാരംപോലുമില്ലാത്ത സ്റ്റാൻഡിൽ ചൂടിൽ വെന്തുരുകുകയാണ് യാത്രക്കാർ.
മേൽത്തട്ട് താഴ്ത്തിയുണ്ടാക്കിയ കാത്തിരിപ്പ് വരാന്തയുടെ മതിലിലാണ് 20ഓളം വാൾ ഫാനുകൾ പിടിപ്പിച്ചത്. ഇവയിൽ ഭൂരിഭാഗവും നിലച്ചിരിക്കയാണ്. പലതവണയായി കേടായ ഫാനുകളുടെ െറഗുലേറ്ററിന്റെ ഭാഗവും മറ്റും എടുത്തുമാറ്റിയ നിലയിലാണ്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ബി.ഒ.ടി വ്യവസ്ഥയിൽ നിർമിച്ച കേരള ട്രാൻസ്പോർട്ട് െഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡി (കെ.ടി.ഡി.എഫ്.സി)നാണ് അറ്റകുറ്റപ്പണികളുടെ ചുമതല. ഫാൻ നന്നാക്കാൻ സാധനങ്ങൾ അഴിച്ചുമാറ്റുകയും ചില ഫാനുകൾ അഴിച്ചെടുക്കുകയുമെല്ലാം ചെയ്തത് അവരാണ്. എന്നാൽ, വിയർത്തൊഴുകുന്ന ജനങ്ങൾ പരാതി പറയാനെത്തുന്നത് കെ.എസ്.ആർ.ടി.സി ഇൻഫർമേഷൻ കൗണ്ടറുകളിലാണ്.
യാത്രക്കാരോട് മറുപടി പറഞ്ഞ് മടുത്തതായി ജീവനക്കാർ പറയുന്നു. വാക്കുതർക്കവും പതിവാണ്. മഴക്കാലത്ത് തന്നെ ചൂട് തങ്ങി നിൽക്കുന്ന സ്റ്റാൻഡിലാണ് മീനച്ചൂടിൽ യാത്രക്കാർ വെന്തുരുകുന്നത്. ഫണ്ട് അഭാവമാണ് കാരണമായി പറയുന്നത്.
സീലിങ് താഴ്ന്നതിനാലും മതിയായ വെന്റിലേറ്ററുകളില്ലാത്തതിനാലും നല്ല ചൂടാണ് സ്റ്റാൻഡിൽ. ഫാൻ കറങ്ങാത്തതിനാൽ ബസുകളിൽനിന്നു വരുന്ന പുക കാത്തിരിപ്പ് വരാന്തയിൽ കെട്ടിക്കിടക്കുന്നത് ആരോഗ്യപ്രശ്നവുമുണ്ടാക്കുന്നു. ദിവസം 3500ഓളം ബസുകൾ കയറിയിറങ്ങുന്ന, അരലക്ഷത്തോളം പേർ എത്തുന്ന സ്റ്റാൻഡിലാണ് ഈ അനാസ്ഥ.
ജീവനക്കാർ ഇരിക്കുന്ന ഭാഗത്തുള്ള ഫാനുകൾ പലതും തങ്ങൾ തന്നെ പിരിവെടുത്ത് സ്ഥാപിച്ചതാണെന്ന് ജീവനക്കാർ പറയുന്നു. സ്റ്റാൻഡിനകത്ത് യാത്രക്കാർക്ക് വേണ്ടിയുള്ള വി.ഐ.പി മുറിയും മുലയൂട്ടൽ മുറിയുമെല്ലാം ഉണ്ടെങ്കിലും ഇവയിലും ഫാനില്ല.
എയർകണ്ടീഷന്‍ കണക്കാക്കി പണിത മുറികളിൽ ഫാനില്ലാത്തതിനാൽ നല്ല ചൂടും പുകയുമാണ്. മുഴുവൻ എയർകണ്ടീഷൻ ചെയ്ത ബസ് സ്റ്റാൻഡാവുമെന്ന പ്രത്യാശ നൽകിയുണ്ടാക്കിയിടത്താണ് ഇപ്പോൾ ഫാൻ പോലുമില്ലാതായത്. 2015ലാണ് 74.63 കോടി ചെലവില്‍ നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 3.22 ഏക്കര്‍ സ്ഥലത്ത് ഉദ്ഘാടനംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.