വടകര: കഞ്ചാവുകേസിൽ വടകര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി ജയിൽചാടി കടന്നുകളഞ്ഞു. താമരശ്ശേരി ചുങ്കം നെരോത്ത് എരവത്ത് കണ്ടി മീത്തൽ ഫഹദ് (25) ആണ് ബുധനാഴ്ച വൈകീട്ട് നാലോടെ കടന്നുകളഞ്ഞത്. ശുചിമുറിയിൽ പോയ പ്രതി വെന്റിലേറ്ററിന്റ കമ്പി തകർത്താണ് രക്ഷപ്പെട്ടത്. പുറത്ത് ജയിൽ വാർഡൻ കാവലിരിപ്പുണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് പ്രതി കടന്ന വിവരം അറിയുന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് ജയിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.
ജൂലൈ ആറിനാണ് ആറു കിലോ കഞ്ചാവുമായി പ്രതിയെ അഴിയൂർ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്തർസംസ്ഥാന കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളയാളാണ് പ്രതി. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന വടകര സബ് ജയിൽ ചാടുന്ന രണ്ടാമത്തെ പ്രതിയാണിയാൾ. 2017ൽ കഞ്ചാവ് കേസിലെ പ്രതി മനാഫ് ജയിൽ ചാടിയിരുന്നു. ഇയാളെ കണ്ണൂരിൽ പിന്നീട് പിടികൂടി. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.