കോഴിക്കോട്: ആപത്തുകാലത്ത് ആത്മാർഥമായി കൂടെ നിന്നവരോട് ബീച്ച് ജനറൽ ആശുപത്രി അധികൃതർ നന്ദിയില്ലാതെ പെരുമാറുന്നതായി പരാതി. കോവിഡ് ബ്രിഗേഡിയറായി പല തസ്തികകളിൽ ജോലിചെയ്തവരാണ് മാന്യമായ 'എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനായി' നിരവധി തവണ ആശുപത്രി കയറിയിറങ്ങുന്നത്. ഒന്നര മാസം പിന്നാലെ നടന്നിട്ട് കൊടുത്ത സർട്ടിഫിക്കറ്റാവട്ടെ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്തതും എവിടെയും സ്വീകരിക്കപ്പെടാത്തതും.
കഴിഞ്ഞ ദിവസം ഇവിടെനിന്ന് നൽകിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിച്ചപ്പോൾ സ്വീകരിച്ചില്ല. അടിസ്ഥാന വിവരങ്ങൾ ഇല്ലെന്നു പറഞ്ഞാണ് തള്ളിയതെന്ന് നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്ത യുവതി പറഞ്ഞു. ബാലുശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് യുവതി ബീച്ച് ആശുപത്രിയിൽനിന്ന് നൽകിയ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. കോവിഡ് ബ്രിഗേഡിയർമാരുടെ ത്യാഗങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകണമെന്ന് നാഷനൽ ഹെൽത്ത് മിഷൻ കഴിഞ്ഞ നവംബറിൽ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിരുന്നു.
അതുപ്രകാരമുള്ള സർട്ടിഫിക്കറ്റാണ് മെഡി. കോളജ് അധികൃതർ നൽകുന്നത്. ബീച്ച് ജനറൽ ആശുപത്രി അധികൃതരാവട്ടെ ഇവർ നിശ്ചിതകാലയളവിൽ ദിവസവേതനത്തിന് ഇവിടെ ജോലി ചെയ്തിരുന്നു എന്ന ഒറ്റ വരി സർട്ടിഫിക്കറ്റാണ് നൽകിയത്. ഇത് അപേക്ഷയുടെ അടിസ്ഥാനത്തിൽ നൽകുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് എന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷിച്ചാൽ നൽകേണ്ടതല്ല കോവിഡ് ബ്രിഗേഡിയർമാർക്കുള്ള സർട്ടിഫിക്കറ്റ്. ഇതുസംബന്ധിച്ച് സപ്പോർട്ടിങ് സ്റ്റാഫായി ജോലിചെയ്ത മലപ്പുറം സ്വദേശി ഹാഫിസ് മുഹമ്മദ് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് പരാതി നൽകി. മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്ന് ഹാഫിസ് മുഹമ്മദ് പറഞ്ഞു.
കോവിഡ് ബ്രിഗേഡിയർമാർക്ക് ആറു മാസത്തെ റിസ്ക് അലവൻസ് ജോലിയിൽനിന്ന് പിരിഞ്ഞ് മൂന്നു മാസമാവുമ്പോഴും ലഭിച്ചില്ലെന്ന് പരാതി. മാസത്തേക്ക് 9000 രൂപയോളമാണ് റിസ്ക് അലവൻസായി സർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിൽ ഇപ്പോഴും അലവൻസ് ലഭിക്കാതെ ആയിരക്കണക്കിന് പേരുണ്ട്. കോവിഡ് മൂന്നാം തരംഗം വന്ന സാഹചര്യത്തിൽ മുൻപരിചയമുള്ള കോവിഡ് ബ്രിഗേഡിയർമാരെ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. പുതിയ ആളുകളെയാണ് പലയിടത്തും നിയമിക്കുന്നത്. ഇതുസംബന്ധിച്ച് പഴയ കോവിഡ് ബ്രിഗേഡിയർമാർ ആരോഗ്യമന്ത്രി വീണ ജോർജിന് പരാതി സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.