കോഴിക്കോട്: അറ്റകുറ്റപ്പണിയുടെ ഭാഗമായി സി.എച്ച് മേൽപാലം ചൊവ്വാഴ്ച മുതൽ അടച്ചിടുമെന്ന് ട്രാഫിക് പൊലീസ് അസി. കമീഷണർ കെ.ജെ. ജോൺസൺ, ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു എന്നിവർ അറിയിച്ചു. രണ്ടു മാസമെങ്കിലും പാലം അടച്ചിടേണ്ടി വരും. ഇതിനനുസരിച്ച് നഗരത്തിൽ ചൊവ്വാഴ്ച മുതൽ ഗതാഗത ക്രമീകരണം വരുത്തിയിട്ടുണ്ട്.
കല്ലായ് ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡുവഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ഓയിറ്റി റോഡ്, മോഡൽ സ്കൂൾ ജങ്ഷൻ വഴി ക്രിസ്ത്യൻ കോളജ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേൽപാലം കയറിപ്പോകണം. ഗാന്ധി റോഡ് വഴി വരുന്ന സിറ്റി ബസുകൾ ഗാന്ധി റോഡ് മേൽപാലം കയറി മലബാർ ക്രിസ്ത്യൻ കോളജിന്റെ കിഴക്ക് വശത്തുകൂടി വയനാട് റോഡ് വഴി ബി.ഇ.എം സ്കൂൾ സ്റ്റോപ്പിലൂടെ പോകേണ്ടതാണ്.
കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാളയം ജങ്ഷൻ-കല്ലായ് റോഡ്-ലിങ്ക് റോഡ്-റെയിൽവേ സ്റ്റേഷൻ റോഡ്-റെയിൽവേ മേൽപാലം വഴി പോകണം. സി.എച്ച് ഫ്ലൈ ഓവർ കയറി കോടതി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എൽ.ഐ.സി ജങ്ഷൻ, വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാം ഗേറ്റ് കടന്നുപോവണം.
നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകണം. പന്നിയങ്കര മാങ്കാവ് തുടങ്ങി തെക്ക് ഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് ഫ്ലൈ ഓവർ കയറി ബീച്ച് ഭാഗത്തേക്ക് പോകണം.
മലപ്പുറം, പാലക്കാട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് വന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ അരയിടത്തുപാലം വഴി സരോവരം ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്ലൈ ഓവർ കയറി ബീച്ച് ഭാഗത്തേക്ക് പോകണം.
വയനാട് ഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ എരഞ്ഞിപ്പാലം വഴി സരോവരം ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്ലൈ ഓവർ കയറി ബീച്ച് ഭാഗത്തേക്ക് പോകണമെന്നും പൊലീസ് അറിയിച്ചു. അപകടാവസ്ഥയിലായ സി.എച്ച്. മുഹമ്മദ് കോയ മേൽപാലം 4.22 കോടി ചെലവിലാണ് നവീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.