കോഴിക്കോട്: അറിവിന്റെ ലോകത്തേക്ക് അക്ഷര യാത്രയാരംഭിച്ച് കുരുന്നുകൾ. തേനും വയമ്പും കൊണ്ട് നാവിൻതുമ്പിൽ ഹരിശ്രീകുറിച്ചും കുഞ്ഞുവിരൽത്തുമ്പിനാൽ അരിയിലെഴുതിയുമാണ് കുഞ്ഞുങ്ങൾ വിജയദശമി ദിനത്തിൽ ജ്ഞാനപഠനത്തിന് തുടക്കം കുറിച്ചത്. ക്ഷേത്രങ്ങളിലും കളരികളിലും നൃത്തകേന്ദ്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും വിദ്യാരംഭം നടന്നു. ക്ഷേത്രതന്ത്രിമാരും എഴുത്തുകാരും കവികളും മുതിർന്ന അധ്യാപകരും വിദ്യാരംഭം കുറിച്ച് കുരുന്നുകൾക്ക് അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു. ബുദ്ധിയും ശുദ്ധിയും തെളിയാൻ ചെവികളിൽ നവാക്ഷരീ മന്ത്രം ജപിച്ചശേഷമാണ് ആചാര്യന്മാർ വിദ്യാഭ്യാസത്തിന്റെ ആദ്യപടി പൂർത്തിയാക്കിയത്. കര്‍മരംഗത്തെ ഉയര്‍ച്ചക്കായി മഹാനവമി ദിനത്തിൽ സ്ഥാപനങ്ങളിൽ ആയുധപൂജയും നടന്നു. പൂജക്കായി സമര്‍പ്പിച്ച പുസ്തകങ്ങളും ആയുധങ്ങളും വിജയദശമി ദിനത്തിലെ പൂജക്കുശേഷമാണ് തിരിച്ചെടുത്തത്. ക്ഷേത്രങ്ങളിൽ വാഹനപൂജയും നടന്നു.
ശ്രീകണ്ഠേശ്വരക്ഷേത്രം, തളി മഹാക്ഷേത്രം, വളയനാട് ദേവീക്ഷേത്രം, തളി മഹാഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രം, നാരകത്ത് ഭഗവതിക്ഷേത്രം, തിരുത്തിയാട് അഴകൊടി ദേവി മഹാക്ഷേത്രം, കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രം, കൊല്ലം പിഷാരികാവ് ക്ഷേത്രം, പാലോറ ശിവക്ഷേത്രം, കുറ്റഞ്ചേരി ശിവക്ഷേത്രം, കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. പി.കെ. ഗോപി, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ, ഐ.എസ്.ആർ.ഒ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഇ.കെ. കുട്ടി, മേയർ ഡോ. ബീനാ ഫിലിപ്, യോഗാചാര്യൻ പി. ഉണ്ണിരാമൻ, കഥാകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് തുടങ്ങിയവർ വിദ്യാരംഭം കുറിക്കലിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.