കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ യു.എൻ എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ (യുനെസ്കോ) ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി തിരഞ്ഞെടുത്ത കോഴിക്കോടിന്റെ പെരുമ ലോകവേദിയിലറിയിച്ച് മേയർ ഡോ. ബീന ഫിലിപ്. യുനെസ്കോ സർഗാത്മക നഗര ശൃംഖലയിൽ ഉൾപ്പെട്ട നഗരങ്ങളുടെ പ്രതിനിധികളുടെ പോർച്ചുഗലിൽ നടന്ന ആഗോള ഒത്തുചേരലിലാണ് മേയർ സംസാരിച്ചത്. പോർചുഗലിലെ ബ്രാഗ നഗരത്തിൽ അവിടത്തെ മേയർ മിറിക്കാർഡോ റിയോയുടെ സാന്നിധ്യത്തിലായിരുന്നു കോഴിക്കോട് മേയർ സാമൂതിരിയുടെ പട്ടണത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.
1498ൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയതിനെ തുടർന്ന് രൂപപ്പെട്ട കോഴിക്കോടും പോർചുഗലും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് പരാമർശിച്ചാണ് മേയർ സംസാരത്തിന് തുടക്കം കുറിച്ചത്. സ്വദേശീയവും വിദേശീയവുമായ വിവിധ സംസ്കാരങ്ങൾ ഇഴുകിച്ചേർന്ന നഗരത്തിന്റെ സവിശേഷ സാമൂഹിക പശ്ചാത്തലം മേയർ വിവരിച്ചു. അത്തരമൊരു ഭൂമികയിൽ രൂപപ്പെട്ടുവന്ന സാഹിത്യ സാംസ്കാരിക പാരമ്പര്യമാണ് സാഹിത്യ നഗര പദവിക്ക് അനുയോജ്യമായ സാഹചര്യം കോഴിക്കോട്ട് ഒരുക്കിയതെന്നും മേയർ വിശദീകരിച്ചു. കോഴിക്കോട് ജനിച്ചതും ജീവിച്ചതുമായ സാഹിത്യ രംഗത്തെ മൺമറഞ്ഞതും ജീവിച്ചിരിപ്പുള്ളവരുമായ പ്രതിഭകളെയും വായനശാലകളുടെ വലിയ ശൃംഖലയെയും പ്രസാധക സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും മേയർ പ്രത്യേകം പരാമർശിച്ചു.
കോഴിക്കോടിന്റെ സാഹിത്യ സംഭാവനകളെയും സാംസ്കാരികമായ പ്രത്യേകതകളെയും പാരമ്പര്യത്തെയും കുറിച്ച് മേയർ സംസാരിച്ചു. 2023നു ശേഷം യു.എൻ ശൃംഖലയിൽ ഇടം കണ്ടെത്തിയ നഗരങ്ങളിലെ പ്രതിനിധികളാണ് ഒന്നിച്ചിരുന്നത്. തങ്ങളുടെ നഗരങ്ങളുടെ നേട്ടങ്ങളും പ്രത്യേകതകളും അവർ പറഞ്ഞു. അഞ്ചു മിനിറ്റുവരെയാണ് ഓരോ പ്രതിനിധിയും സംസാരിച്ചത്. മേയറും സെക്രട്ടറി കെ.യു. ബിനിയുമടങ്ങിയ സംഘം ഒത്തുചേരൽ സമാപിക്കുന്ന ജൂൺ അഞ്ചുവരെ ബ്രാഗയിലുണ്ടാവും. ‘16ാമത് യുനെസ്കോ ക്രിയേറ്റിവ് സിറ്റീസ് നെറ്റ്വർക് വാർഷിക കോൺഫറൻസ് 2024’ലാണ് കോഴിക്കോടിന്റെ സംഘം പങ്കെടുക്കുന്നത്. ക്രിയേറ്റിവ് നെറ്റ്വർക്കിൽ പുതുതായി അംഗത്വം ലഭിച്ച കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. പദവി കൈമാറുന്നതിന് പ്രത്യേക ചടങ്ങുകളൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.