കോഴിക്കോട്: തൊഴിലാളിവർഗത്തിന്റെ സംഘശക്തി വിളിച്ചോതി കോഴിക്കോട്ട് സി.ഐ.ടി.യു മഹാറാലി. സമരപോരാട്ടങ്ങളുടെ ചരിത്രം അലയടിക്കുന്ന കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനം മറ്റൊരു ചരിത്രമായി.
രണ്ട് ലക്ഷം തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് സംഘടന അറിയിച്ചത്. കോഴിക്കോടിന്റെ തെരുവീഥികളിൽ അധ്വാനിക്കുന്നവന്റെ ആഘോഷമായിമാറി 15ാം സംസ്ഥാന സമ്മേളനം.
പ്രതിനിധിസമ്മേളനം നടന്ന ടാഗോർ ഹാളിൽനിന്ന് പ്രതിനിധികൾ പ്രകടനമായി കടപ്പുറത്തെ എം. വാസു നഗറിലേക്ക് നീങ്ങി. കടലോരവും പാതയോരങ്ങളും സൂചി കുത്താനിടമില്ലാത്തവിധം ജനനിബിഢമായിരുന്നു. സമൂഹത്തിന്റെ നാനാമേഖലകളിൽനിന്നുള്ള തൊഴിലാളികൾ ചെറു റാലികളായി സമ്മേളന നഗരിയിലെത്തി.
തൊഴിലാളിവർഗ ചരിത്രത്തിൽ അവിസ്മരണീയ സമ്മേളനത്തിനാണ് സമാപനം കുറിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയെ ശതകോടീശ്വരന്മാരുടെ രാജ്യമാക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ചതഞ്ഞരയുകയാണ് തൊഴിലാളിവർഗം.
വിട്ടുവീഴ്ചയില്ലാത്ത സമരപോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങളെ ഇല്ലായ്മചെയ്യുകയാണ് കേന്ദ്രസർക്കാർ. കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കോവിഡിന്റെ മറവിൽ തൊഴിൽനിയമങ്ങളെ അട്ടിമറിച്ച കേന്ദ്രത്തോട് അത്തരം കരിനിയമങ്ങൾ നടപ്പിലാക്കില്ലെന്ന് പറയാൻ കേരളത്തിന് തന്റേടമുണ്ടായി എന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കോർപറേറ്റുകളുടെ നാടാക്കിമാറ്റാൻ ലോക നേതാക്കളുമായി മത്സരിക്കുകയാാണ് നരേന്ദ്ര മോദി.
ലോകത്തിന്റെ അധിപനാവാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ, പോരാടി നേടിയ അവകാശങ്ങൾ വിട്ടുകൊടുക്കാൻ തൊഴിലാളിവർഗം തയാറാവരുതെന്നും ആനത്തലവട്ടം പഞ്ഞു.
ഡിസംബർ 17 മുതൽ ആരംഭിച്ച സമ്മേളനം കോഴിക്കോട്ടെ തൊഴിലാളിസംഘടനക്ക് അഭിമാനമായി. സമ്മേളനത്തിന്റെ മുഴുവൻ ചെലവും വഹിച്ചത് ജില്ലയിലെ തൊഴിലാളികളാണെന്ന് ജില്ല സെക്രട്ടറി പറഞ്ഞു. രണ്ട് ലക്ഷം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.