കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോടിനെ അർഹരാക്കിയവരെ സാക്ഷിനിർത്തി മേയർ ഡോ. ബീനാ ഫിലിപ്പിനും കോർപറേഷൻ സെക്രട്ടറി കെ.യു. ബിനിക്കും സാംസ്കാരിക സമൂഹത്തിന്റെ സ്വീകരണം.
യുനസ്കോയുടെ സാഹിത്യ നഗരം പദവിയുടെ നടപടികൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കിടാനൊരുക്കിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഉൾക്കൊള്ളാനാവാതെ ടൗൺഹാൾ തിങ്ങിനിറഞ്ഞു.
മനുഷ്യർക്ക് സന്തോഷം തോന്നുകയും സമാധാനം അനുഭവിക്കുകയും സാമ്പത്തികമായി പരാധീനതകൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ നഗരം സാംസ്കാരികമായി ഉന്നതിയിലെത്തുമെന്നതാണ് സർഗാത്മക നഗരങ്ങളുടെ പ്രവർത്തനപദ്ധതിയെന്ന് ചടങ്ങിൽ മേയർ പറഞ്ഞു. സംഗീതത്തിലും കലയിലും മുഴുകി തിരക്കില്ലാത്ത, സന്തോഷമുള്ള, സമാധാനമനുഭവിക്കുന്ന ഒരു ജനവിഭാഗത്തെയാണ് തങ്ങൾക്ക് പോർചുഗലിലെ ബ്രാഗയിൽ കാണാനായത്. പൗരാണിക ജനതയുടെ ചിന്തകളും അനുഭവങ്ങളും ശീലങ്ങളും നഗരം മറന്നിട്ടില്ല എന്നതാണ് സാഹിത്യ നഗര പദവിയുടെ ഏകോപനം എളുപ്പമാക്കിയത്. അതിനുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനമുളവാക്കുന്നതായും പുതിയ പദവി നിലനിർത്താൻ ഒമ്പതു വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് സമർപ്പിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.
സാംസ്കാരിക സമൂഹത്തിന്റെ ഉപഹാരം ഖദീജ മുംതസ് നൽകി. വ്യക്തികളും സംഘടനകളും മേയർക്ക് ഉപഹാരങ്ങൾ നൽകി. എഴുത്തുകാരി ഖദീജ മുംതസ് അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ഡി.ഐ.ജി കെ. സേതുരാമൻ, എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, യു.കെ. കുമാരൻ, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, കെ.എസ്. ശ്രീധരൻ മാസ്റ്റർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ വി. മുസഫർ അഹമ്മദ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, പുരുഷൻ കടലുണ്ടി, ഒ. രാജഗോപാൽ, വിൽസൺ സാമുവൽ, ബാപ്പുട്ടി, അബ്ദുൽ ഹക്കീം, ആർട്ടിസ്റ്റ് മദനൻ, ദീദി ദാമോദരൻ, പ്രഫ. ഹേമന്ത് കുമാർ എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ എ. പ്രദീപ്കുമാർ സ്വാഗതവും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു. ഇദ്രിസ് മാമ്പിയും സലിം ഐവയും നയിച്ച കാലിക്കറ്റ് ഖരാനയുടെ സംഗീത പരിപാടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.