തുടർച്ചയായ രണ്ടാം തവണയും കോഴിക്കോട് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ ജേതാക്കളായി. കഴിഞ്ഞ വർഷം അപ്പീലിലൂടെയാണ് സംസ്ഥാന തലത്തിലേക്ക് പോയത്. സാബു ജോർജാണ് പരിശീലകൻ. 21 ടീമുകൾ മത്സരരംഗത്ത് ഉണ്ടായിരുന്നു. എല്ലാവരും നല്ല മികവു പുലർത്തുകയും മുഴുവൻ ടീമുകൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. മലൈക സാബു, അവന്തിക സുധീഷ്, കെ. ശ്രേയ, ഐ.കെ. അവന്തിക, ദേവദർശിനി, നേഹ പ്രവീൺ, ആമി കാർത്തിക രാജേഷ് എന്നി വിദ്യാർഥികളാണ് നൃത്തത്തിൽ പങ്കെടുത്തത്.
ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാമതെത്തിയപ്പോൾ ആനന്ദക്കണ്ണീരുമായി സാൽവിയ സജി. കാണികൾ പരിപാടിയിൽ പങ്കെടുത്ത വേറെ കുട്ടിക്ക് വിജയം ഉറപ്പിച്ച് മാധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇതുകണ്ട് സാൽവിയക്ക് പ്രതീക്ഷക്കുറവുണ്ടായിരുന്നു. ഫലം പുറത്തുവന്നപ്പോൾ താനാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യതനേടിയതെന്നറിഞ്ഞപ്പോൾ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരി സാൽവിയ കരഞ്ഞുപോയി.
നസ്റുദ്ദീൻ മണ്ണാർക്കാടിന്റെ വരികളാണ് സാൽവിയ ആലപിച്ചത്. സിവിൽ എൻജിനീയർ വടകരയിലെ സജീവന്റെയും ബാങ്ക് ജീവനക്കാരി സജിനയുടെയും മകളാണ്. ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ മുൻ സംസ്ഥാന ചാമ്പ്യന്മാരെ പിന്നിലാക്കി പയ്യോളി ജി.വി.എച്ച്.എസിലെ ശ്രീനന്ദ് വിനോദ്. വിനോദിന്റെയും ഷിംനയുടെയും മകനാണ്.
കോടതി വിധിയിലൂടെ മത്സരിച്ച് പ്രോവിഡൻസ് ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗം ഒപ്പനയിൽ പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് നേടിയ ഒന്നാം സ്ഥാനത്തിന് ഇരട്ടി മധുരമായി. സിറ്റി ഉപജില്ല മത്സരത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇവർ അപ്പീൽ നൽകിയെങ്കിലും ലഭിച്ചില്ല. തുടർന്ന് പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയായിരുന്നു. റെയ്ഷൽ റോഡ്രിഗ്യൂസാണ് ടീമിനെ നയിച്ചത്.
പേരാമ്പ്ര: ആഹ്ലാദത്താൽ ബാൻഡ് വാദ്യം മുഴക്കിയ വിദ്യാർഥികൾക്ക് കരച്ചിലിലും പൊലീസ് ഭീഷണിയിലും ഒടുക്കം. ഭക്ഷണവും വെള്ളവുമില്ലാതെ പൊരിവെയിലിൽ ബാൻഡ് അടിച്ച കുട്ടികൾക്ക് കലോത്സവത്തിൽ നേരിടേണ്ടിവന്നത് പൊലീസിന്റെ സമരമുറ. സി.കെ.ജി.എം കോളജ് ഗ്രൗണ്ടിൽ നടന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേള മത്സരമാണ് കലോത്സവത്തിന്റെ പൊലിമ കെടുത്തിയത്. മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ വിധികർത്താവ് കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് സ്കൂളിലെയും സെന്റ് വിൻസന്റ് സ്കൂളിലെയും കാഡറ്റുകളോട് നിറംമങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചതിനാൽ 20 മാർക്ക് കുറക്കുമെന്ന് പറഞ്ഞ് മാനസികമായി തളർത്തിയത്രെ.
വിധികർത്താവിന്റെ മുമ്പേയുള്ള ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ച് വിധിനിർണയത്തിന് ഇദ്ദേഹത്തെ ഇരുത്തരുതെന്ന് ഡി.ഡി.ഇക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയതിലുള്ള അരിശംമൂലം മത്സരാർഥികളെ തളർത്താനായിരുന്നു നീക്കമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിക്കുന്നു. മത്സരഫലം പുറത്തുവന്നതോടെ പരാതിക്കാരായ ഇരു സ്കൂളിലെയും വിദ്യാർഥികൾ ഗ്രൗണ്ടിലിറങ്ങി. വിജയിച്ച സ്കൂളിനെ സംഗീത ഉപകരണ പ്രയോഗത്തിൽനിന്ന് മാറ്റിനിർത്തി തങ്ങളെക്കൊണ്ടു മാത്രം ചെയ്യിച്ചതായും വിദ്യാർഥികൾ പറയുന്നു.
ഡി.ഡി.ഇ സ്ഥലത്തെത്തിയെങ്കിലേ ഗ്രൗണ്ടിൽനിന്ന് കയറൂവെന്ന് വാശിപിടിച്ച വിദ്യാർഥികളെ നീക്കാൻ സംഘാടകർ പൊലീസിന്റെ സഹായം തേടിയെങ്കിലും വിദ്യാർഥികൾ കൂട്ടാക്കിയില്ല. പരാതിയുള്ളവരെ ഓഫിസിലേക്ക് ഡി.ഡി.ഇ വിളിപ്പിച്ചെങ്കിലും പോയില്ല. വിദ്യാർഥികൾ ഗ്രൗണ്ടിൽ പ്രതിഷേധിച്ചതോടെ ഹയർ സെക്കൻഡറി വിഭാഗം മത്സരം ആരംഭിക്കാൻ കഴിയാതെയായി. മത്സരം തടസ്സപ്പെടുത്തിയതിന് നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടും വിദ്യാർഥികളുടെ രോഷം മയപ്പെട്ടില്ല. രണ്ടര മണിക്കൂർ കഴിഞ്ഞ് കോഴിക്കോട് ഡി.ഇ.ഒ എത്തി ഡി.ഡി.ഇയുടെ ഉത്തരവുണ്ടെന്ന് അറിയിച്ചു.
ഇരു സ്കൂളുകളെയും മൂന്നു വർഷത്തേക്ക് അയോഗ്യരാക്കിയതായും സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള ഉത്തരവ് വായിച്ചുകേൾപ്പിച്ചതോടെ വിദ്യാർഥികൾ ഹർഷാരവത്തോടെ തുള്ളിച്ചാടി. അനീതിയെക്കാൾ ഇതാണ് നല്ലതെന്ന് ആർത്തുവിളിക്കുകയായിരുന്നു. ഗ്രൗണ്ടിൽനിന്ന് വിദ്യാർഥികളെ നീക്കാൻ പേരാമ്പ്ര എസ്.ഐ സുജിലേഷ് നിർദേശിച്ചതനുസരിച്ച് വനിത പൊലീസ് വിദ്യാർഥിനിയെ പിടിച്ചുവലിച്ചത് ഏറെ സംഘർഷത്തിനിടയാക്കി.
കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടക്കരച്ചിലിലമർന്നു സ്റ്റേഡിയം. നിലത്തു കിടന്ന വിദ്യാർഥിനിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് രക്ഷിതാക്കൾ എടുത്തു കൊണ്ടുപോകുകയായിരുന്നു. ഗ്രൗണ്ടിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നതിനിടെ ഡി.ഇ.ഒയുമായി അമിതവേഗത്തിൽ കാറോടിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ എത്തിയത് കണ്ടുനിന്നവരുടെ കണ്ണുതള്ളിച്ചു. ആംഗ്ലോ-ഇന്ത്യൻസ് ഗേൾസ് സ്കൂളാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.